പാക് നുണകൾക്ക് മറുപടി; സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിംഗ് ഇവിടെയുണ്ട്

രാഷ്ട്രപതി ദ്രൗപദി മുർമു റഫാൽ യുദ്ധവിമാനത്തിൽ ചരിത്രപരമായ യാത്ര നടത്തിയതിന് ശേഷം പകർത്തിയ ചിത്രമാണ് ഇപ്പോൾ ചർച്ചാ വിഷയം. അംബാല വ്യോമസേനാ താവളത്തിൽ രാഷ്ട്രപതിയോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത് ഇന്ത്യൻ വ്യോമസേനയിലെ (IAF) വനിതാ പൈലറ്റ് സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിംഗായിരുന്നു. ഓപ്പറേഷൻ സിന്ദൂറിനിടെ റഫാൽ പൈലറ്റിനെ വെടിവച്ച് വീഴ്ത്തി പിടികൂടിയെന്ന പാകിസ്ഥാന്റെ തെറ്റായ അവകാശവാദങ്ങളാണ് ഇതോടെ തകർക്കപ്പെട്ടത്.
ഇന്ത്യൻ വ്യോമസേനയുടെ ഗോൾഡൻ ആരോസ് സ്ക്വാഡ്രൺ അംഗമാണ് ശിവാംഗി സിംഗ്. ഇന്ത്യയിലെ ആദ്യത്തെ ഏക വനിതാ റാഫേൽ പൈലറ്റായ സിംഗ് ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നുള്ളയാളാണ്. 2017ൽ ഐഎഎഫ് വനിതാ ഫൈറ്റർ പൈലറ്റുമാരുടെ രണ്ടാമത്തെ ബാച്ചിലാണ് ശിവാംഗി സേനയിൽ ചേർന്നത്. ഇന്ത്യയുടെ ഏറ്റവും പ്രഹരശേഷിയുള്ള റാഫേൽ ഫൈറ്റർ ജെറ്റ് പറത്തുന്ന ആദ്യത്തെ വനിതാ പൈലറ്റുമാണ് ശിവാംഗി.
‘ഓപ്പറേഷൻ സിന്ദൂറിലൂടെ’ പാകിസ്ഥാനിലെ തീവ്രവാദി താവളങ്ങളിൽ റാഫേൽ വിമാനം ഉപയോഗിച്ച് വ്യോമാക്രമണങ്ങൾ നടത്തിയവരിൽ ശിവാംഗി സിംഗും ഉണ്ടായിരുന്നു. ഈ ഓപ്പറേഷന് പിന്നാലെ, പാകിസ്ഥാൻ സോഷ്യൽ മീഡിയ വഴി, ഇന്ത്യക്ക് റാഫേൽ വിമാനം നഷ്ടമായെന്നും, ശിവാംഗി സിംഗിനെ സിയാൽക്കോട്ടിനടുത്ത് വെച്ച് പിടികൂടി എന്നുമുള്ള വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിട്ടിരുന്നു. ഈ വ്യാജവാർത്തകൾക്കുള്ള ചുട്ട മറുപടി കൂടിയാണ് ശിവാംഗി സിംഗിനൊപ്പമുള്ള രാഷ്ട്രപതിയുടെ ഈ ചിത്രം.
മിഗ് 21 ബൈസൺ പോലുള്ള പഴയ യുദ്ധവിമാനങ്ങൾ പറത്തിയ ശേഷമാണ് രാജ്യത്തെ ഏറ്റവും അത്യാധുനിക വിമാനങ്ങളിലൊന്നായ റാഫേൽ പറത്തുന്നതിലേക്ക് ശിവാംഗി എത്തുന്നത്. ഇന്ത്യൻ വ്യോമ സേനയ്ക്ക് മാത്രമല്ല രാജ്യത്തുടനീളമുള്ള എല്ലാ സ്ത്രീകൾക്കും അഭിമാനമായി ശിവാംഗി സിംഗ് മാറുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here