പാലായില്‍ വാടിക്കരിഞ്ഞ് ജോസ് കെ മാണിയുടെ രണ്ടില; മധുരപ്രതികാരവുമായി ബിനു പുളിക്കകണ്ടം

കണ്ണിലെ കൃഷ്ണമണി പോലെ കെഎം മാണി കാത്ത് സൂക്ഷിച്ച പാല മണ്ഡലം കേരള കോണ്‍ഗ്രസില്‍ നിന്ന് ഏതാണ്ട് പൂര്‍ണമായി വഴുതിപ്പോയ അവസ്ഥയിലാണ്. 1985ന് ശേഷം ആദ്യമായി പാല മുനിസിപ്പാലിറ്റിയുടെ ഭരണത്തില്‍ നിന്ന് മാണിയുടെ പാര്‍ട്ടി പൂര്‍ണമായി ഔട്ടായിരിക്കുകയാണ്. 1965 മുതല്‍ 2019 വരെ പാല നിയമസഭ മണ്ഡലവും ചുറ്റുമുള്ള പ്രാദേശിക ഭരണകേന്ദ്രങ്ങളും കൈപ്പിടിയിലൊതുക്കിയിരുന്ന മാണി സാറിന്റെ പാര്‍ട്ടി ഇതാദ്യമായി നിഷ്പ്രഭമായിപ്പോയ ദിനമാണിന്ന്.

പാല നഗരസഭയുടെ ചരിത്രത്തിലാദ്യമായി കേരള കോണ്‍ഗ്രസ് എം പ്രതിപക്ഷത്തിരിക്കും. 21 കാരിയായ ദിയ ബിനു പുളിക്കകണ്ടം യുഡിഎഫ് പിന്തുണയോടെ ചെയര്‍പേഴ്‌സണായി. കെഎം മാണിയുടെ പിന്‍തുടര്‍ച്ചാവകാശിയായി രാഷ്ട്രീയത്തിലേക്ക് വന്ന മകന്‍ ജോസ് കെ മാണിയുടെ പിടിപ്പുകേടുകൊണ്ട് തന്നെ 2019 മുതല്‍ മണ്ഡലം കൈവിട്ട അവസ്ഥയിലാണ്. ജോസിന്റെ രാഷ്ട്രീയ ഭാവിയ്ക്കു പോലും കരിനിഴല്‍ വീഴുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ALSO READ : ജോസ് കെ.മാണിക്ക് വേണ്ടി നഗരസഭാംഗത്തെ പുറത്താക്കി സിപിഎം; പാലായിലെ പാർലമെൻ്ററി പാർട്ടി നേതാവ് ബിനു പുളിക്കകണ്ടത്തിനെതിരെ നടപടി ജോസ് വിരുദ്ധ പരാമർശത്തിൻ്റെ പേരിൽ

നാല് പതിറ്റാണ്ടിലധികം കെഎം മാണിയുടെ വലംകൈയായി നിന്ന പിവി സുകുമാരന്‍ നായര്‍ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും. ബിനുവിന്റെ മകളാണ് ദിയ. ഇവര്‍ മൂന്നുപേരും നഗരസഭയിലെ 13, 14, 15 വാര്‍ഡുകളില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് മത്സരിച്ചു ജയിച്ചത്. 26 അംഗ നഗരസഭയില്‍ എല്‍ഡിഎഫ് 12 യുഡിഎഫ് 10 സ്വതന്ത്രര്‍ നാല് എന്നിങ്ങനെയാണ് കക്ഷിനില. നാല് സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ചതോടെ യുഡിഎഫ് ഭരണം കൈപിടിയിലൊതുക്കി.

ബിനു പുളിക്കക്കണ്ടം കോണ്‍ഗ്രസ് നേതാവായാണ് ആദ്യം നഗരസഭാംഗമായത്. പിന്നീട് സ്വതന്ത്രനായി വിജയിച്ചു. 2015-ല്‍ ബിജെപി ടിക്കറ്റില്‍ വിജയിച്ച് പാലായില്‍ ആദ്യമായി താമര വിരിയിച്ചു. അന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സഹോദരന്‍ ബിജുവായിരുന്നു പ്രധാന എതിരാളി. 2020-ല്‍ സിപിഎം പ്രതിനിധിയായി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചു. സിപിഎമ്മിന്റെ ചിഹ്നത്തില്‍ വിജയിച്ച ഏക ഇടതുപക്ഷ അംഗമായിരുന്നു ബിനു. 2020-ല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്‍ബലത്തില്‍ എല്‍ഡിഎഫ് ആദ്യമായി പാലാ നഗരസഭയില്‍ അധികാരത്തിലെത്തുകയും ചെയ്തു. എന്നാല്‍ ജോസ് കെ മാണിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചുണ്ടിനും കപ്പിനും ഇടയില്‍ ബിനുവിന് ചെയര്‍മാന്‍ സ്ഥാനം നഷ്ടമായി.

ALSO READ : പകവീട്ടി പുളിക്കക്കണ്ടം ബ്രോസ്!! സിപിഎമ്മിനും ജോസ് കെ.മാണിക്കും ഇരുട്ടടി; പാലാ ഭരണം ഇനി ബിനു തീരുമാനിക്കും

2019ല്‍ കെഎം മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജോസും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ പിജെ ജോസഫും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടി സ്ഥാനാര്‍ത്ഥി തോറ്റു. കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു. ഒടുവില്‍ മാണി ഗ്രൂപ്പ് യുഡിഎഫില്‍ നിന്ന് പുറത്തായി. തൊട്ടുപിന്നാലെ മാണി ഗ്രൂപ്പ് എല്‍ഡിഎഫിനോടൊപ്പം ചേര്‍ന്നു. തൊട്ടുപിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വന്‍ ഭൂരിപക്ഷം നേടി അധികാരത്തി ലെത്തിയെങ്കിലും ജോസ് കെ മാണിക്ക് പാലായില്‍ നിന്ന് ജയിക്കാനായില്ല. പിതാവിനെ 51 വര്‍ഷം പിന്തുണച്ച മണ്ഡലം മകനെ കൈവിട്ടത് എന്തുകൊണ്ടാണെന്ന ലഘുവായ ചോദ്യത്തിന് മറുപടി കണ്ടെത്താന്‍ ജോസ് കെ മാണിക്ക് കഴിയാത്തതാണ് പാല നഗരസഭയും കൈവിടാന്‍ കാരണം.

കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ ഏതാണ്ട് പൂര്‍ണമായി കൈവിട്ട അവസ്ഥയിലാണ്. ജോസ് കെ മാണിയുടെ വീടിരിക്കുന്ന പാല നഗരസഭ വാര്‍ഡില്‍ പോലും അദ്ദേഹത്തിന്റെ പാര്‍ട്ടി തോറ്റുതുന്നംപാടി. ജോസിന്റെ ബദ്ധശത്രുവെന്ന് വിശേഷിപ്പിക്കപ്പെട്ട ബിനു പുളിക്കകണ്ടത്തിന്റെ കുടുംബത്തിലേക്ക് ചെയര്‍പേഴ്‌സണ്‍ സ്ഥാനം അനായാസം കിട്ടിയത് കണ്ട് തരിച്ചുനില്‍ക്കയാണ് കേരള കോണ്‍ഗ്രസ്.സംസ്ഥാന രാഷ്ടീയത്തിലെ ചാണക്യനെന്ന് വിശേഷിക്കപ്പെട്ടിരുന്ന കെ എം മാണിയുടെ മകന്‍ കാണിച്ചുകൂട്ടുന്ന പിടിപ്പുകേടുകള്‍ നിമിത്തം പാര്‍ട്ടിയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ട അവസ്ഥയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top