പാലയില്‍ പുളിക്കക്കണ്ടം കുടുംബത്തിന് പൊന്നുംവില; ഭരണം പിടിക്കാന്‍ എല്‍ഡിഎഫിന്റെ തീവ്രശ്രമം

എന്ത് വില കൊടുത്തും പാല നഗരസഭ ഭരണം പിടിക്കാന്‍ എല്‍ഡിഎഫും രംഗത്തിറങ്ങിയതോടെ മൂന്ന് സ്വതന്ത്ര കൗണ്‍ലിര്‍മാരുള്ള പുളിക്കക്കണ്ടം ഫാമിലിക്ക് കുന്നോളം വാഗ്ദാനങ്ങള്‍. ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവും മന്ത്രിയുമായ വിഎന്‍ വാസവന്‍ നേരിട്ടാണ് ചര്‍ച്ച നടത്തിയത്. പുളിക്കക്കണ്ടം കുടുംബത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരും ഇന്നലെ അവര്‍ തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളില്‍ നിന്നുള്ള വോട്ടര്‍മാരെ വിളിച്ചു കൂട്ടി ജനസഭ ചേര്‍ന്നിരുന്നു. യുഡിഎഫുമായി ചേര്‍ന്നു പോകണമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. പക്ഷേ, ബിനു പുളിക്കണ്ടം ഇനിയും മനസു തുറന്നിട്ടില്ല. എല്ലാ ഓപ്ഷനും പരിശോധിക്കുന്ന തിരക്കിലാണ് പുളിക്കക്കണ്ടം ടീം. പരമാവധി സ്ഥാനങ്ങള്‍ പിടിച്ചെടുക്കുക എന്ന ലൈനാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്.

ALSO READ : പകവീട്ടി പുളിക്കക്കണ്ടം ബ്രോസ്!! സിപിഎമ്മിനും ജോസ് കെ.മാണിക്കും ഇരുട്ടടി; പാലാ ഭരണം ഇനി ബിനു തീരുമാനിക്കും

26 അംഗ ഭരണസമിതിയില്‍ 12 എല്‍ഡിഎഫ്, 10 യുഡിഎഫ് എന്നിങ്ങനെയാണ് കക്ഷിനില. നാലുപേര്‍ സ്വതന്ത്ര അംഗങ്ങളാണ്. ഇതില്‍ മൂന്നുപേര്‍ പുളിക്കക്കണ്ടം കുടുംബക്കാരാണ്. ഒരാള്‍ കോണ്‍ഗ്രസ് റിബല്‍. നഗരസഭയിലെ സ്വതന്ത്ര അംഗങ്ങളായ ബിനു പുളിക്കക്കണ്ടം, സഹോദരന്‍ ബിജു പുളിക്കക്കണ്ടം, ബിനുവിന്റെ മകള്‍ ദിയ ബിനു എന്നിവര്‍ നഗരസഭയിലെ 13,14,15 വാര്‍ഡുകളില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് ഇവര്‍ക്ക് പിന്തുണ നല്‍കിയിരുന്നു.

ALSO READ : ജോസ് കെ.മാണിയോട് മുട്ടി സിപിഎമ്മിൽ നിന്ന് പുറത്തായ ബിനു പുളിക്കകണ്ടം കുടുംബത്തോടെ പോരിന്; മകളും ചേട്ടനും ഗോദയിൽ!!

ബിനു 20 വര്‍ഷമായി കൗണ്‍സിലറാണ്. മാണി ഗ്രൂപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ തവണ ചെയര്‍മാനാകാന്‍ ബിനുവിന് കഴിഞ്ഞില്ല. ഇത്തവണ വനിത സംവരണമായതിനാല്‍ ബിനുവിന്റെ 21 കാരിയായ മകള്‍ ദിയയെ ചെയര്‍പേഴ്‌സണ്‍ ആക്കണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. ഇതിനും പുറമെ ഉപാധ്യക്ഷ സ്ഥാനവും വേണമെന്നാണ് ബിനു ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്നാണ് എല്‍ഡിഎഫിന്റെ ഉറപ്പ്.

2020ലെ നഗരസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ഏക വ്യക്തിയായിരുന്നു ബിനു. എന്നാല്‍, മുന്‍ധാരണപ്രകാരം അധ്യക്ഷ സ്ഥാനം സിപിഎമ്മിന് നല്‍കാത്തതിനെ തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടിയുമായി ഇടഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് എം നേതൃത്വവുമായി ബിനു കടുത്ത തര്‍ക്കത്തിലുമായി. ഇതിനൊടുവില്‍ ബിനുവിനെ സിപിഎം പുറത്താക്കുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top