ഒൻപത് വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒൻപത് വയസ്സുകാരിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. ചികിത്സയിൽ വീഴ്ച പറ്റിയെന്ന് ജില്ലാ ആശുപത്രി അധികൃതർ ഔദ്യോഗികമായി സമ്മതിച്ചു. അന്വേഷണത്തിന് ഹാജരാകാൻ ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബത്തിന് നൽകിയ നോട്ടീസിലാണ് ആശുപത്രി അധികൃതർ ചികിത്സാ പിഴവ് നടന്നതായി തുറന്നു പറഞ്ഞിരിക്കുന്നത്. സർക്കാർ നിയോഗിച്ച പ്രത്യേക വിദഗ്ധ അന്വേഷണ സംഘം ഇന്ന് കുട്ടിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും.
Also Read : പനി ബാധിച്ച് മരിച്ച കുട്ടിയുടെ അച്ഛൻ ഡോക്ടറെ വെട്ടി; ചികിത്സാ പിഴവിൻ്റെ പേരിൽ ചോരക്കളി
കഴിഞ്ഞ സെപ്റ്റംബർ 24-നാണ് പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിന്റെ മകൾ വിനോദിനിക്ക് കളിക്കുന്നതിനിടെ വീണ് കൈക്ക് പരിക്കേറ്റത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. അവിടെ കൈക്ക് പ്ലാസ്റ്ററിട്ട് വിട്ടെങ്കിലും പിന്നീട് നീർക്കെട്ടും കടുത്ത വേദനയും അനുഭവപ്പെട്ടു. വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ ഗൗരവമായെടുത്തില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ഒടുവിൽ കൈയുടെ നിറം മാറി സ്ഥിതി വഷളായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ വെച്ചാണ് അണുബാധ രൂക്ഷമായതിനെത്തുടർന്ന് കുട്ടിയുടെ വലതുകൈ മുറിച്ചുമാറ്റിയത്.

നേരത്തെ ഈ സംഭവത്തിൽ ആശുപത്രി അധികൃതർക്കും ഡോക്ടർമാർക്കും വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു ഡി.എം.ഒ. എന്നാൽ സർക്കാർ നിയോഗിച്ച പ്രത്യേക വിദഗ്ധ സമിതി ഇന്ന് കുട്ടിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. അന്വേഷണം നിലച്ചുവെന്ന കുടുംബത്തിന്റെ പരാതിക്ക് പിന്നാലെയാണ് സമിതി മൊഴിയെടുക്കാൻ തീരുമാനിച്ചത്. കുട്ടിയുടെ മുറിവ് രേഖപ്പെടുത്തുന്നതിലോ ആന്റിബയോട്ടിക് നൽകുന്നതിലോ ഗുരുതര വീഴ്ചയുണ്ടായെന്ന് മെഡിക്കൽ രേഖകൾ സൂചിപ്പിക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് ജൂനിയർ കൺസൾട്ടന്റ് ഡോ. സർഫറാസ്, ജൂനിയർ റെസിഡന്റ് ഡോ. മുസ്തഫ എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here