ആശുപത്രിയിലെത്തിയ എട്ടുവയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റി; ചികിത്സാ പിഴവെന്ന് കുടുംബം

പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ചികിത്സാ പിഴവ് ഉണ്ടായത്. ആശുപത്രിയിലെത്തിയ കുട്ടിക്ക് വേണ്ടത്ര ചികിത്സ നൽകാത്തതാണ് കൈ മുറിച്ചു മാറ്റാൻ കാരണമായതെന്നാണ് കുടുംബം ആരോപിക്കുന്നത്. പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനി എന്ന കുഞ്ഞിനാണ് വലതുകൈ നഷ്ടമായത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതായി പാലക്കാട് ഡിഎംഒ അറിയിച്ചു
സെപ്റ്റംബർ 24 നാണ് വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി വീണ് കൈയ്ക്ക് പരിക്കേറ്റത്. തുടർന്ന് കുടുംബം കുട്ടിയെ ആദ്യം ചിറ്റൂർ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു. ആ സമയം കുട്ടിയുടെ കയ്യിൽ മുറിവും പൊട്ടലും ഉണ്ടായിരുന്നു. എന്നാൽ മുറിവിൽ മരുന്ന് കെട്ടി അതിനുമുകളിൽ പ്ലാസ്റ്റർ ഇട്ടാണ് കുട്ടിയെ തിരികെ വിട്ടത്
വേദനയുണ്ടെന്ന് പറഞ്ഞിട്ടും അവർ കാര്യമാക്കില്ല. അഞ്ചു ദിവസം കഴിഞ്ഞ് തിരികെ വരാനാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ പ്ലാസ്റ്റർ മാറ്റുമ്പോൾ കുട്ടിയുടെ കയ്യിൽ രക്തയോട്ടം നിലച്ചിരുന്നു. കൂടാതെ കൈ അഴുകിയ നിലയിലായിരുന്നു. എന്നാൽ, കുട്ടിയെ മറ്റൊരു ആശുപത്രിയിൽ എത്തിക്കാനാണ് ഡോക്ടർമാർ പറഞ്ഞത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്വകാര്യ ആശുപത്രിയിൽ പോകാതെ കോഴിക്കോട് മെഡിക്കൽ കോളജിലാണ് അവർ പോയത്. തുടർന്ന് കൈ മുറിച്ചു മാറ്റുകയായിരുന്നു.
എന്നാൽ സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലന്നാണ് പാലക്കാട് ജില്ലാ ആശുപത്രി അധികൃതർ പറയുന്നത്. സാധാരണ പോലെ തന്നെയാണ് എല്ലാ ചികിത്സയും ചെയ്തത്. ഇങ്ങനെയൊരു സംഭവം അപൂർവമാണ്. കുട്ടിക്ക് വേദന വന്നിട്ട് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് കൈ മുറിച്ചു മാറ്റാൻ കാരണമായതെന്നാണ് ആശുപത്രി സൂപ്രണ്ട് പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here