കിഡ്നാപ് ചെയ്യപ്പെട്ട വ്യവസായിയോട് ആക്രമികൾ ആവശ്യപ്പെട്ടത് 70 കോടി; രക്ഷപ്പെട്ടത് സാഹസികമായി

തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി മുഹമ്മദാലി അക്രമികളുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടു. തടവിൽ പാർപ്പിച്ചിരുന്ന വീട്ടിൽ നിന്ന് ഇന്ന് പുലർച്ചയോടെ മുഹമ്മദാലി ഇറങ്ങിയോടുകയായിരുന്നു. ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്.
മലപ്പുറം-പാലക്കാട് അതിർത്തിയായ തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിന് സമീപത്ത് വച്ച് ഇന്നലെ വൈകുന്നേരമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കാറിലെത്തിയ മുഖംമൂടി സംഘം വ്യവസായിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഒറ്റപ്പാലത്തിന് സമീപമുള്ള ഒരു വീട്ടിലായിരുന്നു മുഹമ്മദാലിയെ തടവിൽ പാർപ്പിച്ചിരുന്നത്. അവിടെ നിന്നാണ് ഇന്ന് പുലർച്ചയോടെ ഇദ്ദേഹം ഇറങ്ങിയോടിയത്. സമീപത്തെ പള്ളിയിൽ അഭയം തേടിയ മുഹമ്മദാലിയെ, പള്ളിയിലുള്ള ആളുകൾ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോയ സംഘം 70 കോടി രൂപ ആവശ്യപ്പെട്ടതായി മുഹമ്മദാലി പോലീസിനെ അറിയിച്ചു.
മർദനമേറ്റതിൻ്റെ പാടുകൾ ശരീരത്തിൽ ഉള്ളതിനാൽ, ചികിത്സ പൂർത്തിയാക്കിയ ശേഷം പോലീസ് മുഹമ്മദാലിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങളാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അക്രമികളെ കണ്ടെത്താനായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here