കോണ്‍ഗ്രസ് ഓഫീസ് പിടിച്ചെടുത്ത് ചുവപ്പ് പെയിന്റ് അടിക്കാന്‍ ശ്രമം; നേതാവിന്റെ രാഷ്ട്രീയമാറ്റം കോട്ടായിയില്‍ സംഘര്‍ഷമായി

പാലക്കാട് കോട്ടായിയില്‍ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പിടിച്ചെടുത്ത് ചുവപ്പ് പെയിന്റ് അടിക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന കെ മോഹന്‍ കുമാര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. മോഹന്‍ കുമാറിനൊപ്പം ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും സിപിഎമ്മില്‍ എത്തി. പിന്നാലെയാണ് കോണ്‍ഗ്രസ് ഓഫീസിന് ചുവപ്പ് പെയിന്റിക്കാന്‍ ശ്രമം നടന്നത്.
മോഹന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഒരു സംഘം എത്തിയാണ് ഓഫീസില്‍ പെയിന്റ് അടി തുടങ്ങിയത്. ഇവര്‍ക്ക് പിന്തുണയുമായി സിപിഎം പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇതറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍കത്തകര്‍ കൂടി എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. നൂറുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഓഫീസാണെന്നും മോഹന്‍ കുമാറിന്റെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് നിലപാട് എടുത്തു.
തന്റെ പേരിലാണ് ഓഫീസിന്റെ എഗ്രിമെന്റ് എന്ന് വാദിച്ചാണ് മോഹന്‍ കുമാര്‍ ഇതിനെ നേരിട്ടത്. വാടക കരാറില്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് മോഹന്‍ കുമാറിന് വാടകയ്ക്ക് നല്‍കുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. പാര്‍ട്ടിയുടെ പേര് പോലും ഉള്‍പ്പെടുത്തിയിട്ടില്ല. ഇതാണ് സിപിഎം പിന്തുണയില്‍ ഉപയോഗിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ മണ്ഡലം പ്രസിഡന്റുമാരുടെ പേരില്‍ തന്നെയാണ് സാധാരണ എഗ്രിമെന്റ് എഴുതാറുള്ളതെന്നാണ് കോണ്‍ഗ്രസ് വാദം. പോലീസ് എത്തി ഇരുവിഭാഗത്തേയും ഓഫീസില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here