പാലത്തായി പീഡനക്കേസ് പ്രതിയായ അധ്യാപകനെ പിരിച്ചുവിട്ടു; ബിജെപി നേതാവിനെ പുറത്താക്കാൻ സർക്കാർ നിർദേശം

പാലത്തായി പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പോക്‌സോ കേസില്‍ ജീവിതാന്ത്യം വരെ തടവിന് ശിക്ഷിക്കപ്പെട്ടതോടെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സ്‌കൂള്‍ മനേജര്‍ ഉത്തരവിറക്കി. 2020 ജനുവരിയിലും ഫെബ്രുവരിയിലും മൂന്ന് തവണ നാലാം ക്ലാസുകാരിയെ ശുചിമുറിയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷിക്കപ്പെട്ടത്.
ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജന്‍. ഏറെ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയ കേസില്‍ നവംബര്‍ 16നാണ് പത്മരാജനെ പോക്‌സോ കോടതി ശിക്ഷിച്ചത്. 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് ഇന്ത്യന്‍ ശിക്ഷാനിയമം 376 എബി വകുപ്പ് പ്രകാരമുള്ള ജീവപര്യന്തം തടവ് ജീവിതാന്ത്യംവരെയാണെന്ന് അതിവേഗ പ്രത്യേക കോടതി ജഡ്ജി എ.ടി. ജലജാറാണി വിധിന്യായത്തില്‍ വ്യക്തമാക്കി. പോക്‌സോ നിയമത്തിലെ അഞ്ച് (എഫ്), (എല്‍) വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം വീതം കഠിനതടവും വിധിച്ചു. ജീവിതാന്ത്യംവരെ തടവ് അനുഭവിക്കും മുന്‍പ് പോക്‌സോ വകുപ്പ് പ്രകാരമുള്ള ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.
അധ്യാപകന്റെ ക്രൂരമായ ലൈംഗികചൂഷണത്തില്‍ വലിയ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത് അധ്യാപനം ഒരു ജോലിമാത്രമല്ല, പാവനമായ വിശ്വാസമര്‍പ്പിക്കുന്ന പ്രക്രിയകൂടിയാണെന്ന് ഓരോ അധ്യാപകനും ഓര്‍ക്കണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. സദ്ഗുണത്തിന്റെ സംരക്ഷകനാകേണ്ട അധ്യാപകന്‍ ലൈംഗികമായി ചൂഷണംചെയ്യാന്‍ തന്റെ സ്ഥാനം ഉപയോഗിക്കുന്നത് ഗുരു എന്ന ആശയത്തിനെതിരായ അപരാധമാണ്. വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഗുരു ഒരിളവും അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
കുട്ടിയുടെ അമ്മ നല്‍കിയ പരാതി അട്ടിമറിക്കാന്‍ പോലീസില്‍ തന്നെ നീക്കങ്ങള്‍ നടന്നത് വിവാദമായിരുന്നു. ഇടക്കാല കുറ്റപത്രത്തില്‍ നിന്ന് പോക്‌സോ വകുപ്പ് ഒഴിവാക്കിയത് വിവാദമായിരുന്നു. പ്രതിക്ക് ജാമ്യം അനുവദിച്ചതോടെ കുട്ടിയുടെ അമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതാണ് കേസില്‍ നിര്‍ണായകമായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here