വിവാദങ്ങൾക്കൊടുവിൽ നീതി; പത്ത് വയസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവിന് ഇരട്ട ജീവപര്യന്തം

പാലത്തായി പീഡനക്കേസിൽ ബി.ജെ.പി നേതാവായ കെ. പത്മരാജന് തലശ്ശേരി ജില്ലാ പോക്‌സോ കോടതി ഇരട്ട ജീവപര്യന്തം വിധിച്ചു. കൂടാതെ പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവവും പ്രതി അനുഭവിക്കേണ്ടി വരും. കേസിൽ ഇരയായ നാലാം ക്ലാസ്സുകാരിയുടെ അധ്യാപകൻ കൂടിയായിരുന്ന പത്മരാജൻ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

കേസ് കെട്ടിച്ചമച്ചതാണെന്നും മതതീവ്രവാദമാണ് ഇതിനു പിന്നിലെന്നുമുള്ള വാദങ്ങൾ പ്രതിഭാഗം ഉന്നയിച്ചു. എന്നാൽ, ഇത് പോക്‌സോ കേസാണെന്നും അതിന്റെ മെറിറ്റ് മാത്രമാണ് പരിഗണിക്കുന്നതെന്നും കോടതി അറിയിച്ചു. രക്ഷിതാവിന്റെ ഉത്തരവാദിത്തമുള്ള ഒരധ്യാപകൻ നടത്തിയത് കൊടും ക്രൂരതയാണെന്ന പ്രോസിക്യൂഷൻ വാദം കോടതി പരിഗണിച്ചു. പ്രതിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രതിഭാഗം വാദിച്ചതുപോലെ കേസ് കെട്ടിച്ചമച്ചതല്ലെന്നും കോടതി നിരീക്ഷിച്ചു.

Also Read : നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകനായ ബിജെപി നേതാവ് കുറ്റക്കാരന്‍; പോലീസ് തന്നെ അട്ടിമറിക്കാൻ ശ്രമിച്ച് കേസ്

2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ സ്കൂളിനകത്തും പുറത്തും വച്ച് കുട്ടിയെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. തലശ്ശേരി ഡിവൈഎസ്പി മുഖേന പാനൂർ പോലീസിന് ലഭിച്ച പരാതിയിൽ, പോലീസ് അന്വേഷണത്തിൽ ആദ്യഘട്ടത്തിൽ കേസ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ പ്രതിക്കെതിരെയുള്ള നടപടി വൈകിയതോടെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു.

കേസിന്റെ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. പോക്‌സോ വകുപ്പ് ചുമത്താതെ, 90 ദിവസം തികയുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത് വലിയ വിവാദമായിരുന്നു. അഞ്ച് അന്വേഷണ സംഘങ്ങൾ മാറിമാറി അന്വേഷിച്ച കേസിൽ, 2021 മേയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കപ്പെട്ടു.

കേസ് അട്ടിമറിക്കാനുള്ള ഈ നീക്കങ്ങളെ അതിജീവിച്ചാണ് പ്രത്യേക അന്വേഷണ സംഘം നിർണായക തെളിവുകൾ കണ്ടെത്തിയത്. പോക്‌സോ വകുപ്പ് ചുമത്തിയത് കേസിൽ നിർണ്ണായകമായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top