പാലിയേക്കരയില്‍ ടോള്‍ ഉടൻ പിരിക്കേണ്ട; വെള്ളിയാഴ്ച വീണ്ടും കേസ് പരിഗണിക്കും

ഗതാഗത കുരുക്കിനെ തുടര്‍ന്ന് പാലിയേക്കരയില്‍ ഏര്‍പ്പെടുത്തിയ ടോള്‍ പിരിവ് നിരോധനം തുടരും. ഇന്ന് ഹര്‍ജി പരിഗണിച്ച ഹൈക്കടോതി നിരോധനം തുടരാന്‍ നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. അതുവരെയാണ് നിരോധനം തുടരുക. ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടര്‍ന്നാണ് ടോള്‍ പിരിവ് കോടതി വിലക്കിയത്.
ദേശീയപാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഗാഗതക്കുരുക്ക് രൂക്ഷമാണെന്നും സുരക്ഷാ പ്രശ്‌നങ്ങളുമുണ്ടെന്നും ജില്ലാ കലക്ടര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുടെ ബെഞ്ച് നിരോധനം നീട്ടിയത്. കൂടാതെ ടോള്‍ നിരക്ക് കൂട്ടിയതില്‍ കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
ഏഴ് ഇടങ്ങളില്‍ അടിപ്പാത നിര്‍മ്മാണം തുടങ്ങിയതോടെയാണ് ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയില്‍ ഗതാഗത കുരുക്ക് രൂക്ഷമായത്. മണിക്കൂറുകളോളം ഗതാഗത കുരുക്ക് നീണ്ടതോടെയാണ് പൊതുപ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചതും ടോള്‍ പിരിവ് നിര്‍ത്താന്‍ ഉത്തരവ് നേടിയതും. ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് നേടാനായില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here