രണ്ട് മാസം മുമ്പ് കാണാതായ അമ്മയെയെയും പെൺമക്കളെയും കണ്ടെത്തി; താമസിച്ചത് അഭയകേന്ദ്രത്തിൽ

പത്തനംതിട്ട തിരുവല്ലയിൽ നിന്നും രണ്ട് മാസം മുമ്പ് കാണാതായ അമ്മയെയും പെൺമക്കളെയും കണ്ടെത്തി. നിരണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന 40 കാരിയായ റീനയെയും രണ്ട് പെൺമക്കളെയുമാണ് തമിഴ്നാട്ടിൽ നിന്നും കണ്ടെത്തിയത്. മക്കളായ എട്ടു വയസ്സുള്ള അക്ഷര, ആറ് വയസ്സുള്ള അൽക്ക എന്നിവരോടൊപ്പമാണ് ഓഗസ്റ്റ് 17 മുതൽ യുവതിയെ കാണാതായത്. ഇവരുടെ തിരോധാനത്തിന് പിന്നാലെ ഭർത്താവ് ആത്മഹത്യ ചെയ്തിരുന്നു.
തമിഴ്നാട് സർക്കാരിന്റെ അഭയകേന്ദ്രത്തിൽ നിന്നാണ് മൂന്നു പേരെയും കണ്ടെത്തിയത്. ഇവരെ കാണാതായതിന് ശേഷം ഭർത്താവായ അനീഷ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അദ്ദേഹത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ് പൊലീസ് സ്വീകരിച്ചത്. പലതവണ ഇത് ആവർത്തിക്കുകയും ചെയ്തു. പൊലീസിന്റെ പീഡനം സഹിക്കാൻ വയ്യാതെ അനീഷ് ആത്മഹത്യ ചെയ്‌തെന്നാണ് ബന്ധുക്കൾ ആരോപിച്ചത്.
എന്നാൽ തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതൽ സംശയങ്ങൾ ഉണ്ടെന്നും അതെല്ലാം അനീഷിനോട് ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും പൊലീസ് പ്രതികരിച്ചിരുന്നു. റീനയും അനീഷും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. പിന്നീട് കോടതി മുഖേന അത് പരിഹരിക്കുകയും ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here