ആളെ കൊന്ന് കോൺഗ്രസ് സമരം; വിതുരയിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

കോൺഗ്രസ് നടത്തിയ സമരത്തിന്റെ ഫലമായി ഒരു ആദിവാസി യുവാവിന്റെ ചികിത്സ വൈകുകയും തുടർന്ന് ജീവൻ നഷ്ട്ടപ്പെടും ചെയ്തു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. വിതുര ഗവൺമെന്റ് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെയും ആംബുലൻസിന്റെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം മുൻനിർത്തി കോൺഗ്രസ് നടത്തിയ സമരത്തിൽ വിതുര സ്വദേശി ബിനു(44) ആണ് മരിച്ചത്.
ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ബിനുവിനെ ഇന്നലെ ഉച്ചയോടെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രോഗിയുടെ ആരോഗ്യനില ഗുരുതരമായിരുന്നതിനാൽ പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. മരണാസന്നനായ രോഗിയെയും കൊണ്ട് മെഡിക്കൽ കോളേജിലേക്ക് പോകാൻ ശ്രമിക്കുമ്പോളായിരുന്നു ആംബുലൻസ് തടഞ്ഞ് വിതുര കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചത്.
Also Read : കണ്ണൂരിൽ റോഡിലെ ബ്ലോക്ക് മൂന്ന് വയസുകാരൻ്റെ ജീവനെടുത്തു; ആംബുലൻസ് വൈകിയത് രണ്ടു മണിക്കൂറിലേറെ
രോഗിയുടെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടി ആംബുലൻസ് ഡ്രൈവറും ഒപ്പമുണ്ടായിരുന്നവരും സമരക്കാരോട് മാറാൻ ആവശ്യപ്പെട്ടെങ്കിലും അത് കേൾക്കാൻ പ്രതിഷേധക്കാർ പിന്മാറിയില്ല. സമരം അരമണിക്കൂറോളം തുടർന്നു. സമരം നിർത്തിയതിനുശേഷം ബിനുവിനെയും കൊണ്ട് ആംബുലൻസ് മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ആംബുലൻസ് തടഞ്ഞവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബിനുവിൻ്റെ ബന്ധുക്കൾ പറഞ്ഞു.

ആസിഡ് കഴിച്ച് ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് വിതുര പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ കോൺഗ്രസ് സമരം രോഗിയുടെ ചികിത്സ വൈകിപ്പിച്ചു എന്ന ആരോപണത്തിൽ പ്രതിഷേധങ്ങൾ ഉയരുകയാണ്. ഇക്കാര്യത്തിൽ പരാതി നൽകാൻ മരണപ്പെട്ട ബിനുവിന്റെ ബന്ധുക്കൾ നാളെ സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചതായി വിതുര പോലീസ് ഇൻസ്പെക്ടർ എസ് ശ്രീജിത്ത് മാധ്യമ സിൻഡിക്കേറ്റിനോട് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here