വ്യാജ ചികിത്സയോ, അനാസ്ഥയോ? കൈയ്യിൽ ഡ്രിപ്പുമായി മാർക്കറ്റിലൂടെ നടക്കുന്ന രോഗി; വീഡിയോ വൈറൽ

മധ്യപ്രദേശിലെ മാർക്കറ്റിലൂടെ കൈയ്യിൽ ഐവി ഡ്രിപ്പും സലൈൻ കുപ്പിയുമായി രോഗി നടന്നുപോകുന്ന വീഡിയോയാന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം. ഈ വീഡിയോ പുറത്തു വന്നതോടെ ഗ്രാമീണ മേഖലയിലെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള ആശങ്ക ഉയരുകയാണ്.
സിർസൗദ് ഗ്രാമത്തിലെ മാർക്കറ്റിലൂടെ രോഗി നടന്നുപോകുന്നതാണ് വീഡിയോയിലുള്ളത്. ഡ്രിപ്പ് ഇട്ടശേഷം രോഗിയെ ശ്രദ്ധിക്കാതെ വിട്ടതാണ് കാരണം. വ്യാജ ഡോക്ടറാണ് ചികിത്സ നൽകിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വീഡിയോ പ്രതിഷേധത്തിന് കാരണമായതോടെ, സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (CMHO) ഡോ സഞ്ജയ് ഋഷിശ്വർ അറിയിച്ചു.
‘ശരിയായ അന്വേഷണമില്ലാതെ പ്രതികരിക്കുന്നത് ശരിയല്ല. രോഗിയെ ഇങ്ങനെ ഡ്രിപ്പിട്ട് വിട്ടത് തെളിഞ്ഞാൽ, അത് ഗുരുതരമായ അനാസ്ഥയായി കണക്കാക്കും. രോഗിയെ ചികിത്സിച്ചത് സ്വകാര്യ ക്ലിനിക്കിലാണെങ്കിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും’ ഡോ ഋഷിശ്വർ കൂട്ടിച്ചേർത്തു.
ഇത്തരമൊരു സംഭവം ഇവിടെ ആദ്യമല്ല. ശിശുക്കളെ കാണാതാകുന്നത് മുതൽ വ്യാജ ഡോക്ടർമാർ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് വരെയുള്ള നിരവധി കേസുകൾ ശിവപുരി ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ആരോഗ്യസംവിധാനത്തിന്റെ തകർച്ചയാണ് സൂചിപ്പിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here 
		 
		 
		 
		 
		