ആരോപണങ്ങൾ ഉയർത്തിയ നേതാവ് പുറത്ത്; കണക്ക് പുറത്തുവിടില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി

പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ ധൻരാജിന്റെ രക്തസാക്ഷി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. ഫണ്ട് തിരിമറി ആരോപണത്തിൽ പാർട്ടി രേഖകൾ വെളിപ്പെടുത്താൻ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വിസമ്മതിച്ചതും, അഴിമതിക്കെതിരെ ശബ്ദമുയർത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതും വലിയ ചർച്ചയായിരിക്കുകയാണ്. അഴിമതിക്കെതിരെ നിലപാടെടുത്ത തന്നെ പാർട്ടി വേട്ടയാടുകയാണെന്ന് കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് തുറന്നടിച്ചു. ഫണ്ട് തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം, അത് ചൂണ്ടിക്കാണിച്ച തന്നെ പുറത്താക്കിയത് പാർട്ടിയുടെ ധാർമ്മികച്യുതിയാണെന്ന് അദ്ദേഹം ആരോപിച്ചു.
Also Read : സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി വി കുഞ്ഞികൃഷ്ണൻ; രക്തസാക്ഷി ഫണ്ട് വിവാദം പുകയുന്നു
2016-ൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ധൻരാജിന്റെ കുടുംബത്തെ സഹായിക്കാനായി പാർട്ടി സമാഹരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നതാണ് പ്രധാന ആരോപണം. പാർട്ടി 1 കോടി രൂപയോളം പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്തുവെന്നാണ് വി. കുഞ്ഞികൃഷ്ണൻ അവകാശപ്പെടുന്നത്. ഇതിൽ നിന്ന് 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്ന് തട്ടിയെടുത്തു എന്നതാണ് പ്രധാന ആരോപണം. കണക്കുകൾ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വ്യക്തമാക്കി. ഫണ്ട് വിനിയോഗത്തിൽ അപാകതയില്ലെന്ന് പാർട്ടി ആവർത്തിക്കുമ്പോഴും രേഖകൾ പരസ്യപ്പെടുത്താത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ധൻരാജിന്റെ കുടുംബത്തിന് വീട് നിർമ്മിക്കാനായി ചെലവായത് ഏകദേശം 34 ലക്ഷം രൂപയാണ്. ഇതിനായി നൽകിയ ചെക്കുകളിൽ 29.25 ലക്ഷം രൂപ മാത്രമാണ് കരാറുകാരന് ലഭിച്ചത്. ബാക്കി 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് വകമാറ്റിയതായി കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നു. പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്ന് 70 ലക്ഷം രൂപയും, 2021-ലെ തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് 1 കോടിയോളം രൂപയും സമാനമായ രീതിയിൽ തിരിമറി നടത്തിയതായി അദ്ദേഹം ആരോപിക്കുന്നു. വ്യാജ രസീത് ബുക്കുകൾ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് ഫണ്ട് പിരിച്ചതെന്ന വെളിപ്പെടുത്തലും അദ്ദേഹം നടത്തി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി പാർട്ടിയെ തകർക്കാൻ ശത്രുക്കളുടെ കയ്യിലെ ഉപകരണമായി കുഞ്ഞികൃഷ്ണൻ മാറി എന്നാണ് പാർട്ടി നേതൃത്വത്തിന്റെ ആരോപണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here