ക്രിമിനലുകൾക്ക് സർക്കാരിന്റെ കരുതൽ; ഷെറിന്റെ മോചനത്തിന് പിന്നാലെ പെരിയ ഇരട്ടക്കൊല പ്രതിക്ക് പരോൾ

കാസർഗോഡ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടികൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതി സുബീഷ് വെളുത്തോളിക്ക് സർക്കാർ പരോൾ അനുവദിച്ചു. 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന് നിർദേശമുണ്ട്.
പ്രതികൾക്ക് പരോൾ അനുവദിച്ചാൽ സ്ഥലത്ത് ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ബേക്കൽ പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതും പരിഗണിക്കാതെയാണ് സർക്കാർ പരോൾ അനുവദിച്ചത്. കേസിൽ ഇരട്ട ജീവപര‍്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന 10 പ്രതികളിലൊരാളാണ് സുബീഷ്.
തന്‍റെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ‍്യപ്പെട്ട് സുബീഷ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി തള്ളിയിരുന്നു.ഇതിനു പിന്നാലെയാണ് സർക്കാർ പരോൾ അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് ചെങ്ങന്നൂർ കാരണവർ കൊലക്കസിലെ പ്രതി ഷെറിനെ പ്രത്യേക ഇളവ് നൽകി സർക്കാർ മോചിപ്പിച്ചത്. ഇതിനായി ഒരു മന്ത്രി, സർക്കാരിൽ സമ്മർദ്ദം ചെലുത്തിയെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here