പെരുമാൾ മുരുകൻ്റെ അവസ്ഥയിലേക്ക് ഡോ.ഹാരിസും!! ആവിഷ്കാര സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടിയവരാണ് വേട്ടയാടലിന് പിന്നിലും

‘പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചു’… തമിഴ് സാഹിത്യത്തിൽ പേരെടുത്ത പെരുമാൾ മുരുകൻ 2015ൽ ഫെയ്സ്ബുക്കിൽ കുറിച്ചത് ആണിത്. നിർദയമായി വേട്ടയാടിയ ജാതിസംഘടനകൾ ഹൃദയത്തിലേൽപ്പിച്ച മുറിവുകളുടെ നീറ്റലുണങ്ങാതായപ്പോൾ ആണ് സാഹിത്യലോകത്തെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചത്. സാഹിത്യ ലോകം ഞെട്ടലോടെയാണ് ഈ വാക്കുകൾ കേട്ടത്. സമാനമായ മാനസികാവസ്ഥയിലേക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം തലവനായ ഡോ ഹാരിസ് ചിറയ്ക്കലും നീങ്ങുന്നത്. സസ്‌പെന്‍ഷനോ മറ്റു നടപടികളോ പ്രതീക്ഷിക്കുന്നതിനാല്‍, വകുപ്പിന്റെ മേധാവി എന്ന നിലയില്‍ ഡിപ്പാർട്ട്മെൻ്റ് ചുമതലകളും രേഖകളും ജൂനിയര്‍ ഡോക്ടര്‍ക്ക് കൈമാറിയതായി ഡോ.ഹാരിസ് പറഞ്ഞു.
ഒരു സർക്കാർ ഡോക്ടർ എന്ന നിലയിൽ ബ്യൂറോക്രസിയിൽ നിന്ന് അനുഭവിക്കുന്ന സമ്മർദ്ദങ്ങളും അവഗണനയും നിമിത്തമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ദുരവസ്ഥയെക്കുറിച്ച് ഫെയ്സ്ബുക്കിൽ ഡോ.ഹാരിസ് തുറന്നെഴുതിയത്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ അപര്യാപ്ത മൂലം ഓപ്പറേഷനുകൾ അനന്തമായി നീട്ടിവെക്കേണ്ടി വരുന്ന ദുരവസ്ഥയെക്കുറിച്ചായിരുന്നു ഡോക്ടർ തുറന്നെഴുതിയത്.
തുടക്കത്തിൽ സർക്കാർ ഒന്ന് അമ്പരന്നെങ്കിലും മുഖ്യമന്ത്രി വിമർശനത്തിൻ്റെ കുന്തമുന ഡോ.ഹാരിസിലേക്ക് തിരിച്ചു വിട്ടതോടെ മന്ത്രിമാരും സൈബർ വെട്ടുക്കിളികളും അദ്ദേഹത്തെ കടന്നാക്രമിക്കാൻ തുടങ്ങി. ഒരാളെ ശത്രുവായി മാർക്ക് ചെയ്തു കഴിഞ്ഞാൽ പിന്നെ സഞ്ചയനം നടത്തുക എന്ന ഗോത്ര സംസ്കാരത്തിലേക്ക് വർത്തമാനകാല ഇന്ത്യ നീങ്ങുന്നു എന്നതിൻ്റെ രക്തസാക്ഷികളാണ് പെരുമാൾ മുരുകനും ഡോ.കഫീൽ ഖാനും ഡോ.ഹാരിസും ചിറയ്ക്കലും.
വിമർശനം പൊതുസമൂഹത്തോടു പങ്കുവെയ്ക്കുക എന്ന ജനാധിപത്യ സമൂഹത്തിലെ അവകാശത്തെ സാമൂഹ്യ നന്മയ്ക്കായി വിനിയോഗിച്ചതിൻ്റെ പേരിലാണ് ഡോ.ഹാരിസ് ചിറക്കലിനെ കൂട്ടായി ആക്രമിക്കുന്നത്. അതുകൊണ്ടാണ് താൻ പ്രൊഫഷണൽ സൂയിസൈഡ് ചെയ്യുകയാണെന്ന് ഹാരിസ് കഴിഞ്ഞ ദിവസം പറഞ്ഞത്.
“നടപടിയെ ഭയക്കുന്നില്ല. ഡോക്ടര്‍ എന്ന നിലയിൽ എവിടെയെങ്കിലും ജോലി ലഭിക്കും. സ്വകാര്യ ആശുപത്രികളില്‍ ജോലി ലഭിക്കാത്തതു കൊണ്ടല്ല, സാധാരണക്കാരായ രോഗികള്‍ക്ക് പരിചരണം നല്‍കുക എന്ന ലക്ഷ്യം കൊണ്ടുമാത്രമാണ് സര്‍ക്കാര്‍ ജോലി തെരഞ്ഞെടുത്തത്. അതിന് സാധ്യമാകാതെ വന്നാലുള്ള പ്രയാസം മാത്രമേയുള്ളൂ. ജോലി നഷ്ടപ്പെട്ടാല്‍ വരുമാനം പോകുമോയെന്ന് ഭയമില്ല. വലിയ ചെലവുകളൊന്നുമില്ല. ബൈക്കിന് പെട്രോള്‍ അടിക്കാനുള്ള പണമുണ്ടെങ്കിൽ ഒരു ദിവസത്തെ കാര്യങ്ങള്‍ നടക്കും”- തികഞ്ഞ നിർമമതയോടെ ഡോ.ഹാരിസ് പറയുന്നു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടാറുള്ള ഇടതുപക്ഷം ഭരിക്കുന്ന നാട്ടിലാണ് ഡോ ഹാരിസിനെ അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ സംഘടിതമായി വേട്ടയാടുന്നത് എന്നതാണ് ശ്രദ്ധേയം. അടിയുറച്ച ഇടത് സഹയാത്രികനാണ് ഈ ഡോക്ടർ എന്നത് പോലും ഇടത് പക്ഷക്കാരുടെ വിമർശനത്തെയോ ആക്രമണത്തെയോ അൽപം പോലും സോഫ്റ്റ് ആക്കുന്നില്ല എന്നതും കാണാതിരിക്കാൻ കഴിയില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here