ഡിവോഴ്സിന് പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവാക്കാം; സ്വകാര്യതാ വാദം തള്ളി സുപ്രീം കോടതി

വിവാഹമോചന കേസുകളില്‍ പങ്കാളികളുടെ ഫോണ്‍ റെക്കോർഡിങും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം കോടതി. രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണം വിവാഹമോചന കേസുകളില്‍ നീതിയുക്തമായ വിചാരണ ഉറപ്പാക്കാന്‍ പരിഗണിക്കാമെന്നാണ് ഉത്തരവ്. ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റെതാണ് ഉത്തരവ്.

രഹസ്യമായി റെക്കോര്‍ഡ് ചെയ്യുന്ന പങ്കാളിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ തെളിവാക്കാൻ കഴിയില്ല എന്ന പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണ് നിര്‍ണായക ഇടപെടല്‍. എവിഡന്‍സ് ആക്ടിലെ 122 ആം വകുപ്പ് ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി വിധി. ഇങ്ങനെ റെക്കോര്‍ഡ് ചെയ്യുന്നത് മൗലികാവകാശ ലംഘനവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ആകും എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

എന്നാല്‍ സുപ്രീം കോടതി ഇത് പൂര്‍ണമായും തള്ളിക്കളഞ്ഞു. ഗാര്‍ഹിക ഐക്യത്തെ തകര്‍ക്കുമെന്നും സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനുള്ള പ്രവണത വര്‍ധിപ്പിക്കും എന്നുമുള്ള വാദം ശരിയല്ല. ഭരണഘടനയുടെ 21-ാം അനുച്ഛേദം എല്ലാ കേസുകളിലും നീതിയുക്തമായ വിചാരണ ഉറപ്പിക്കാനുള്ളതാണ്. അതിനായി ഫോണ്‍ സംഭാഷണം ഡിവോഴ്സ് കേസുകളില്‍ തെളിവായി പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top