അന്തർ സംസ്ഥാന മോഷണ സംഘത്തെ പിടികൂടി പോലീസ്; 40 സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു; സൂത്രധാരൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന എപി ധില്ലൺ സംഗീത പരിപാടിക്കിടെ നടന്ന മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട്, നാല് പേരെ അറസ്റ്റ് ചെയ്തു. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 40 സ്മാർട്ട്‌ഫോണുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് 48 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഈ അന്തർ സംസ്ഥാന മോഷണ സംഘത്തെ പിടികൂടിയത്. സൂത്രധാരൻ ഉൾപ്പെടെയുള്ള നാല് പേരാണ് അറസ്റ്റിലായത്. ഗാസിയാബാദ് സ്വദേശികളായ സൽമാൻ ആണ് സംഘത്തിലെ പ്രധാനി. ഇമ്രാൻ, ഷാരൂഖ്, വസീം എന്നിവരാനു മറ്റ് പ്രതികൾ. ഡിസംബർ 9 ന് യമുനാ വിഹാർ മെട്രോ സ്റ്റേഷന് സമീപം വെച്ചാണ് ഇവരെ പിടികൂടിയത്. പിടിച്ചെടുത്ത ഫോണുകളിൽ ഏറ്റവും പുതിയ ഐഫോൺ 17 പ്രോ മാക്സ്, ഐഫോൺ 16 സീരീസ്, സാംസങ് എസ് 24 അൾട്രാ തുടങ്ങിയ വിലകൂടിയ മോഡലുകൾ ഉൾപ്പെടുന്നു.

ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് സൽമാൻ ഈ സംഘം രൂപീകരിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഗീത പരിപാടികൾ, മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, തിരക്കേറിയ മാർക്കറ്റുകൾ എന്നിങ്ങനെ ആളുകൾ കൂടുന്ന സ്ഥലങ്ങളായിരുന്നു ഇവരുടെ ലക്ഷ്യം. ഇരകളെ വളഞ്ഞ് നിന്ന് ശ്രദ്ധ മാറ്റിയ ശേഷം ഫോൺ മോഷ്ടിക്കുന്നു. മോഷ്ടിച്ച ഉടൻ ഐഫോണുകൾ അലുമിനിയം ഫോയിൽ കൊണ്ട് പൊതിയും. ഇത് ജിപിഎസ് ട്രാക്കിംഗ് സിഗ്നലുകൾ തടയാൻ വേണ്ടിയാണ്. ഫോണുകൾ മണിക്കൂറുകൾക്കുള്ളിൽ ഗാസിയാബാദിലേക്ക് കടത്തി കുറഞ്ഞ വിലയ്ക്ക് വിൽക്കും.

വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രതികളെ ഡൽഹി പോലീസ് 48 മണിക്കൂറോളം പിന്തുടർന്നു. അറസ്റ്റ് തടയാൻ അവസാന നിമിഷം ഇവർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
മോഷണ സംഘത്തിലെ കണ്ണികളെയും ഇവർ ഫോണുകൾ വിൽക്കുന്ന മാർക്കറ്റിലെ ഇടനിലക്കാരെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ഷാരൂഖ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ഡൽഹിയിലെ മെട്രോ സ്റ്റേഷനുകളിലെ നിരവധി മോഷണ കേസുകളുമായി ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top