പിണറായി 3.0ക്ക് ഭീഷണിയായി ആരോഗ്യവകുപ്പിന്റെ വീഴ്ചകൾ; വകുപ്പുമന്ത്രി തലവേദനയാകുമെന്നും ചർച്ചകൾ

ആരോഗ്യ മേഖലയിൽ തുടരെ ഉണ്ടാകുന്ന പ്രതിസന്ധികളും, ആരോഗ്യ വകുപ്പിലെ കെടുകാര്യസ്ഥതയും തുടർഭരണം കൊതിച്ചിരിക്കുന്ന സിപിഎമ്മിന് തലവേദന ആകും എന്നാണ് ഉയർന്നുവരുന്ന ചർച്ചകൾ. ആരോഗ്യ മേഖലയിൽ രണ്ടാം പിണറായി സർക്കാരിനു വലിയ വിമർശനങ്ങളാണ് നേരിടേണ്ടിവന്നത്. കേരളം നമ്പർ വൺ എന്ന് കൊട്ടിഘോഷിക്കുന്നത് പി ആർ ഏജൻസികൾ നൽകുന്ന ക്യാപ്സ്യൂളുകൾ മാത്രമാണെന്നാണ് വിലയിരുത്തലുകൾ.
മരുന്നുക്ഷാമം, സർക്കാർ മെഡിക്കൽ കോളജുകളുടെ ശോചനീയാവസ്ഥ, തുടരെ ഉണ്ടാകുന്ന ചികിത്സപ്പിഴപ്പവിലെ മരണങ്ങൾ തുടങ്ങി ഡോ.ഹാരിസ് അറക്കലിന്റെ വെളിപ്പെടുത്തൽ വരെ എത്തിനിൽക്കെ മുഖം മിനുക്കാൻ സർക്കാർ വഴി തേടുമ്പോഴാണ് ഇന്നിപ്പോൾ കോട്ടയം മെഡിക്കൽ കോളജിൻ്റെ കെട്ടിടം ഇടിഞ്ഞുവീണു ഒരു സ്ത്രീ മരിക്കുന്ന സാഹചര്യം വരെയായിരിക്കുന്നത്. സ്ഥലം സന്ദർശിച്ച ആരോഗ്യമന്ത്രിയാകട്ടെ, അത് ഉപയോഗത്തിലുള്ള കെട്ടിടം അല്ലെന്ന് പറഞ്ഞ് ലഘൂകരിക്കാൻ ശ്രമിക്കുമ്പോൾ ആണ് മരണവിവരം പുറത്തുവന്നിരിക്കുന്നത്.
ഇതെല്ലാം ഉയർത്തിക്കാട്ടി പ്രതിപക്ഷം കരുനീക്കുമെന്ന് ഉറപ്പാണ്. ഏതാനും മാസങ്ങൾക്കപുറം വരുന്ന തിരഞ്ഞെടുപ്പിൽ ഇവക്ക് കണക്ക് പറയേണ്ടി വരുമെന്ന് ഇന്നത്തെ കോട്ടയം സംഭവത്തോടെ ഉറപ്പായി.
പാർട്ടിക്കുള്ളിലെ എതിർപ്പുകൾ മറികടന്ന് വീണ ജോർജിനെ ആറന്മുളയിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുകയും, വിജയിച്ചു വന്നപ്പോൾ ആരോഗ്യമന്ത്രി ആക്കിയതും പിണറായി വിജയന്റെ താല്പര്യം എടുത്താണ്. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിക്ക് തന്നെ തലവേദന ആയി മാറുകയാണ് ഈ വകുപ്പും മന്ത്രിയും എന്നതാണ് സ്ഥിതി.
വീണ ജോർജിനെ ഒരുവട്ടം കൂടി ആറന്മുളയിൽ സ്ഥാനാർഥിയായി പരിഗണിക്കില്ലെന്നാണ് സൂചനകൾ. ഓർത്തഡോക്സ് സഭ വലത്തേക്ക് തിരിയുന്ന സാഹചര്യത്തിൽ വീണയ്ക്ക് ഇനി സഭാ വോട്ടുകൾ ക്രോഡീകരിക്കാൻ സാധ്യമല്ല എന്നാണ് വിലയിരുത്തൽ. പത്തനംതിട്ട സിപിഎമ്മിലെ തർക്കങ്ങളും പാർട്ടിക്ക് തലവേദനയാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here