‘അറസ്റ്റ് ഒഴിവാക്കേണ്ട ഒരാവശ്യവും പൊലീസിനില്ല’; രാഹുലിന് രക്ഷാവലയം ഒരുക്കിയത് കോൺഗ്രസെന്ന് മുഖ്യമന്ത്രി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ മാങ്കൂട്ടത്തിലിന് രക്ഷാവലയം ഒരുക്കിയത് കോൺഗ്രസ് നേതാക്കളാണ്. ഇത് അവരുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
അറസ്റ്റ് തടഞ്ഞത് ഹൈക്കോടതിയുടെ സാധാരണ നടപടിക്രമം മാത്രമാണ്. രാഹുലിനെ ഇപ്പോൾ അറസ്റ്റ് ചെയ്യാതിരിക്കാൻ ശ്രമിക്കുന്നു എന്ന വാദം ശരിയല്ല. അറസ്റ്റ് ഒഴിവാക്കേണ്ട ഒരാവശ്യവും പൊലീസിനില്ലെന്ന്, ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അറസ്റ്റ് നീട്ടിക്കൊണ്ടുപോയി തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ മുതലെടുപ്പിന് സർക്കാരും സിപിഎമ്മും ശ്രമിക്കുന്നുവെന്ന ആരോപണത്തോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ഒളിവിൽ കഴിയുന്ന ഒരാളെ സംരക്ഷിക്കാൻ രാഷ്ട്രീയപാർട്ടി ശ്രമിക്കുന്നത് ശരിയായ നടപടിയല്ല. നിയമനടപടികൾ സാധാരണപോലെ മുന്നോട്ട് പോകുമെന്നും, കോടതിയുടെ ഉത്തരവുകൾക്ക് പ്രകാരം തുടർനടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബലാത്സംഗക്കേസുകളിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത് ഇന്നു രാവിലെയാണ്. ഈ മാസം 15 വരെയാണ് അറസ്റ്റ് വിലക്കിയിട്ടുള്ളത്. രാഹുലിനെതിരെ രണ്ട് ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിർബന്ധിത ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ആദ്യ കേസിൽ ചുമത്തിയിരിക്കുന്നത്. ബംഗളൂരുവിൽ നിന്നുള്ള യുവതിയുടെ പരാതിയിലാണ് രണ്ടാം കേസ് രജിസ്റ്റർ ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here