സിപിഐയെ മെരുക്കാൻ പിണറായിക്കാകുമോ?; പിഎം ശ്രീയിൽ ഇനി മുഖ്യമന്ത്രിയുടെ അനുരഞ്ജന നീക്കം

കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുരഞ്ജന നീക്കങ്ങൾ നിർണായകം.സംസ്ഥാനം ഒപ്പുവച്ച ധാരണാപത്രം പിൻവലിക്കാതെ ഒരു ഒത്തുതീർപ്പിനും വഴങ്ങേണ്ടതില്ലെന്ന കടുത്ത നിലപാടിലാണ് സിപിഐ. ദേശീയ നേതൃത്വവും അതേ നിലപാടിൽ തന്നെ. അല്ലാത്ത പക്ഷം മന്ത്രിമാരെ പിൻവലിക്കുന്നത് അടക്കം അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐ എക്സിക്യൂട്ടീവ് കൈക്കൊള്ളുമെന്നാണ് വിവരം.
ദേശീയ സെക്രട്ടറിയേറ്റിലും എക്സിക്യൂട്ടീവിലും സിപിഎം നിലപാടിനെതിരെ ശക്തമായ എതിർപ്പാണ് ഉയർന്നുവന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എം എൻ സ്മാരകത്തിലെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി എങ്കിലും ചർച്ച വേണ്ടത്ര ഫലം ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി എത്തുന്ന മുഖ്യമന്ത്രി ഇന്ന് സിപിഐ നേതൃത്വവുമായി അനുനയ ചർച്ച നടത്തും.
Also Read : സവർക്കറും ഹെഡ്‌ഗേവാറും സിലബസിലുണ്ട്; പണം വാങ്ങി പിഎം ശ്രീ നടപ്പാക്കാതിരിക്കാമെന്ന് കരുതണ്ട: കെ സുരേന്ദ്രൻ
പദ്ധതിയിൽ എന്തുകൊണ്ട് ഒപ്പിട്ടു എന്ന് സിപിഐയെ ബോധ്യപ്പെടുത്താനാകും മുഖ്യമന്ത്രിയും ശ്രമിക്കുക. ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പിലാക്കില്ലെന്നും മുന്നോട്ടുള്ള കാര്യങ്ങൾ കൂടുതൽ ചർച്ച ചെയ്ത തീരുമാനമെടുക്കാം എന്നുമുള്ള നിർദ്ദേശവും മുഖ്യമന്ത്രി മുന്നോട്ടുവക്കാൻ ഇടയുണ്ട്. അതേസമയം സിപിഎം മുന്നണി മര്യാദ പാലിച്ചില്ലെന്ന് സിപിഐ മുഖ്യമന്ത്രിയെ അറിയിക്കും.
ഒത്തുതീർപ്പായില്ലെങ്കിൽ കടുത്ത നിലപാടായിരിക്കും നാളെ ആലപ്പുഴയിൽ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് സ്വീകരിക്കുക. ഡൽഹിയിൽ എകെജി ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here