മറ്റത്തൂരിലെ താമരക്കൈ സഖ്യം; കോൺഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ ബിജെപിയിലേക്ക് ചേക്കേറി ഭരണം പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസിനെ രൂക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റത്തൂരിൽ നടന്നത് കോൺഗ്രസ്-ബിജെപി ലയനമാണെന്നും, കോൺഗ്രസിന് ബിജെപിയാകാൻ യാതൊരു പ്രയാസവുമില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
മറ്റത്തൂരിൽ യുഡിഎഫിനുണ്ടായിരുന്ന എട്ട് കോൺഗ്രസ് അംഗങ്ങളെയും ബിജെപി അങ്ങെടുത്തു. മരുന്നിന് പോലും ഒരാളെ ബാക്കിവെക്കാതെയാണ് ഈ കൂടുമാറ്റം നടന്നത്. കേരളത്തിൽ ബിജെപിക്ക് നിലം ഒരുക്കി കൊടുക്കുന്നത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. എൽഡിഎഫ് ഭരണം തടയാൻ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ തുറന്നു പറയുന്നത് ഇതിന് തെളിവാണ്. അരുണാചൽ പ്രദേശ്, ഗോവ, പുതുച്ചേരി എന്നിവിടങ്ങളിൽ കോൺഗ്രസ് എംഎൽഎമാർ ഒന്നടങ്കം ബിജെപിയിലേക്ക് പോയതിന്റെ തുടർച്ചയാണ് മറ്റത്തൂരിൽ കണ്ടത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ ഇവർക്ക് യാതൊരു പ്രയാസവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read : ‘കോൺഗ്രസ് ബിജെപി ലയനം പൂർത്തിയായി’; പുതിയ സഖ്യത്തെ പരിഹസിച്ച് എം സ്വരാജ്
കോൺഗ്രസ് ജയിച്ചാൽ അത് ബിജെപിക്ക് ഭരണത്തിലേറാനുള്ള എളുപ്പവഴിയാണെന്ന് ജനങ്ങൾ തിരിച്ചറിയണം. ഇടതുപക്ഷത്തിന് ഭരണം ലഭിക്കാതിരിക്കാൻ വർഗീയ ശക്തികളുമായി കോൺഗ്രസ് കൈകോർക്കുന്നത് ജനാധിപത്യത്തോടുള്ള വഞ്ചനയാണ്. എട്ട് കോൺഗ്രസ് അംഗങ്ങളാണ് ഒറ്റയടിക്ക് ബിജെപിയായി മാറിയത്. ഇത് കോൺഗ്രസിന്റെ രാഷ്ട്രീയ അധഃപതനമാണ് കാണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കാൽനൂറ്റാണ്ടായി ഇടതുമുന്നണി ഭരിച്ചിരുന്ന മറ്റത്തൂർ പഞ്ചായത്തിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് നാടകീയമായ അട്ടിമറി ഉണ്ടായത്. പത്ത് അംഗങ്ങളുള്ള എൽഡിഎഫിനെ മറികടക്കാൻ കോൺഗ്രസിന്റെ എട്ട് അംഗങ്ങളും ബിജെപിയുമായി കൈകോർത്തു. ബിജെപി പിന്തുണയോടെ കോൺഗ്രസ് വിമത ടെസി ജോസ് കല്ലറക്കൽ പ്രസിഡന്റാവുകയും ചെയ്തു. ഇതിന് പിന്നാലെ പഞ്ചായത്തിന്റെ ചുമതലയുണ്ടായിരുന്ന ഡിസിസി ജനറൽ സെക്രട്ടറിയെയും മണ്ഡലം പ്രസിഡന്റിനെയും കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here