പിണറായി വിജയനെതിരെ കന്യാസ്ത്രീയുടെ കൊലവിളി; പ്രതികരണവുമായി സന്യാസിനി സമൂഹം

മുഖ്യമന്ത്രി പിണറായി വിജയനെ സോഷ്യൽ മീഡിയ വഴി കൊലപ്പെടുത്താൻ പരസ്യമായി ആഹ്വാനം ചെയ്ത അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ പരാതി. സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ് പോസ്റ്റ് ചെയ്തതിനെതിരെ ഡി.ജി.പിക്കു മുന്നിൽ പരാതി നൽകിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ടീന ജോസ് വിവാദ കമന്റ് പോസ്റ്റ് ചെയ്തത്. “അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും.” ടീന കമന്റ് ചെയ്തു.
Also Read : വിരമിക്കലിന് മുമ്പ് ഒരു ചാട്ടം: കന്യാസ്ത്രീ വേഷത്തിൽ ഹർഡിൽസ് കീഴടക്കി സിസ്റ്റർ
സംസ്ഥാന ഭരണത്തലവനെതിരെ വധശ്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ഈ പരാമർശം വലിയ വിവാദമാവുകയും രാഷ്ട്രീയ കേന്ദ്രങ്ങളിൽ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. അതേസമയം, ടീന ജോസിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ സിഎംസി സന്യാസിനി സമൂഹം പ്രതികരണവുമായി രംഗത്തെത്തി. ടീന ജോസിനെ തള്ളിപ്പറഞ്ഞ സന്യാസിനി സമൂഹം, അവരുടെ അംഗത്വം 2009-ൽ കാനോനിക നിയമങ്ങൾക്ക് അനുസൃതമായി റദ്ദാക്കിയതാണെന്ന് വ്യക്തമാക്കി.

സന്യാസ വസ്ത്രം ധരിക്കാൻ നിലവിൽ അനുവാദമില്ലാത്ത വ്യക്തിയാണ് ടീന ജോസെന്നും, അവർ ചെയ്യുന്ന കാര്യങ്ങൾ പൂർണ്ണമായും സ്വന്തം ഉത്തരവാദിത്തത്തിലാണെന്നും സിഎംസി സമൂഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു. ടീന ജോസ് നടത്തുന്ന പ്രസ്താവനകൾക്ക് സി.എം.സി. സമൂഹവുമായി യാതൊരു ബന്ധവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here