മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് അയച്ചത് ലാവലിൻ കേസിൽ; കള്ളപ്പണം വിദേശത്ത് നിക്ഷേപിച്ചോയെന്ന് സംശയം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചത് എസ്.എൻ.സി. ലാവലിൻ കേസുമായി ബന്ധപ്പെട്ടെന്ന് റിപ്പോർട്ട്. കേസിൽ സാക്ഷിയെന്ന നിലയിൽ മൊഴിയെടുക്കുന്നതിനായാണ് വിവേകിനെ വിളിപ്പിച്ചത്.
ക്രൈം മാസിക ചീഫ് എഡിറ്റർ ടി പി നന്ദകുമാർ 2006-ൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, വിദേശത്ത് വലിയ തോതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി. 2020-ൽ കേസ് രജിസ്റ്റർ ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇ.ഡി.യുടെ ഈ നീക്കം.തുടക്കത്തിൽ, ലൈഫ് മിഷൻ കേസിലാണ് മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് അയച്ചതെന്നായിരുന്നു വിവരമെങ്കിലും ലാവലിൻ കേസിലാണ് സമൻസ് നൽകിയതെന്ന് പിന്നീട് വ്യക്തമായി. 2023-ലാണ് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിവേകിന് സമൻസ് ലഭിച്ചത്.
ലാവലിൻ കമ്പനിയുടെ പശ്ചിമേഷ്യയുടെ ചുമതലയുണ്ടായിരുന്ന മലയാളി ദിലീപ് രാഹുലൻ, മുഖ്യമന്ത്രിയുടെ മകന്റെ യു.കെ.യിലെ വിദ്യാഭ്യാസത്തിന് പണം നൽകിയെന്ന് ചില മൊഴികൾ ഇ.ഡി.ക്ക് ലഭിച്ചതിനെ തുടർന്നാണ് വിവേകിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ 50-ാം വകുപ്പിലെ രണ്ട്, മൂന്ന് ഉപവകുപ്പുകൾ പ്രകാരമാണ് ഇ.ഡി. സമൻസ് അയച്ചത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ വിലാസത്തിലാണ് നോട്ടീസ് നൽകിയത്. ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവ ഹാജരാക്കാനും സമൻസിൽ ആവശ്യപ്പെട്ടിരുന്നു. നേരത്തെ, 2022-ൽ എസ്.എൻ.സി. ലാവലിൻ കമ്പനിയുടെ ഫിനാൻസ് ഉദ്യോഗസ്ഥർക്ക് ഇ.ഡി. നോട്ടീസ് നൽകിയിരുന്നെങ്കിലും അവർ ഹാജരായിരുന്നില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here