സർക്കാരും ഗവർണറും തമ്മിൽ തർക്കം മുറുകുന്നു; ഭാരതാംബ ചിത്ര വിവാദത്തിൽ മൗനംവെടിഞ്ഞ് പിണറായി

രാജ്ഭവനിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ ‘ഭാരതാംബ’ ചിത്രം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് ഔദ്യോഗികമായി കത്തയച്ച് അതൃപ്തി അറിയിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നിലവിൽ രാജ്ഭവനിൽ ഉപയോഗിക്കുന്ന ഭാരതാംബ ചിത്രം സംബന്ധിച്ച പലവിധ പ്രശ്നങ്ങൾ കത്തിൽ വിശദീകരിക്കും. ഇത് ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ട ചിത്രങ്ങളുടെ പരിധിയിൽ പെട്ടതല്ല, അതിനാൽ, ഔദ്യോഗിക ചടങ്ങുകളിൽ ചിത്രം ഉപയോഗിക്കാൻ പാടില്ല എന്ന് ആവശ്യപ്പെടും.
ഇതുവരെ രണ്ട് മന്ത്രിമാരാണ് രാജ്ഭവനിൽ ഉപയോഗിക്കുന്ന ഭാരതാംബ ചിത്രത്തെ വിമർശിച്ച് രംഗത്ത് എത്തിയത്. പരിസ്ഥിതി ദിന ചടങ്ങിൽ ഉപയോഗിക്കാൻ രാജ്ഭവൻ ഒരുക്കിവച്ച ഭാരതാംബ ചിത്രം കണ്ട് ചടങ്ങ് മാറ്റിവച്ച കൃഷിമന്ത്രി പി. പ്രസാദാണ് വിവാദത്തിന് തിരികൊളുത്തിയത്.
പിന്നാലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ പരിപാടിയിൽ പങ്കെടുത്ത മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ ഭാരത് മാതാ ചിത്രം കണ്ടതോടെ അനിഷ്ടം പ്രകടിപ്പിച്ച് ഇറങ്ങിപ്പോയി. മന്ത്രിയുടെ നടപടി പ്രോട്ടോകോൾ ലംഘനമാണ് എന്ന് ആരോപിച്ച് രാജ്ഭവൻ വൃത്തങ്ങൾ മുന്നോട്ട് വന്നിരുന്നു.
ഇത്രയുമായിട്ടും മുഖ്യമന്ത്രി നിലപാട് അറിയിക്കാത്തതിൽ വിമർശനം ഉയർന്നു തുടങ്ങിയിരുന്നു. ഈ മൗനത്തെ ചോദ്യംചെയ്ത് കോൺഗ്രസ് രംഗത്തെത്തി. ഇനി മുഖ്യമന്ത്രി രാജ്ഭവനിലേക്ക് കത്ത് അയക്കുന്നതോടെ എല്ലാ കണ്ണുകൾ ഗവർണറിലേക്കാകും. ഇതുവരെ മുഖ്യമന്ത്രി കാത്തുസൂക്ഷിച്ച സമാധാനം ഇനിയുണ്ടാവില്ല എന്ന് തന്നെയാണ് സൂചനകൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here