സൂംബയെ എതിർത്ത അധ്യാപകന് പിന്തുണയുമായി യൂത്ത് ലീഗ് നേതാവ്; ആരോഗ്യ വകുപ്പിനെതിരെയും രൂക്ഷ വിമർശനങ്ങൾ

സ്‌കൂളുകളില്‍ സൂംബ ഡാൻസ് നടത്തുന്നത് എതിർത്ത് കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി കെ അഷ്‌റഫിനെ സസ്‌പെന്‍ഡ് ചെയ്‌തതിൽ വിമർശനം ഉന്നയിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ‘അഷ്‌റഫ് മാഷിനെതിരെയുള്ള നടപടിയെ ശക്തമായി എതിർക്കുന്നു. കാഫിർ സ്ക്രീൻ ഷോര്ട്ട് പ്രചരിപ്പിച്ചവരെ പിടികൂടാൻ ഈ ആവേശം കണ്ടില്ല’ പി കെ ഫിറോസ് പറഞ്ഞു. ഇവിടെ ഒരാൾക്ക് അഭിപ്രായം പറയാൻ കഴിയില്ല എന്ന അവസ്ഥ ഉണ്ടാകാൻ പാടില്ല. ജനാധിപത്യപരമായി ഒരാൾക്ക് അഭിപ്രായം പറയാൻ അവകാശം ഉണ്ടെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
ആരോഗ്യ വകുപ്പിനെതിരെ വലിയ ആരോപണങ്ങളാണ് ഫിറോസ് ഉന്നയിച്ചത്. ആരോഗ്യ മേഖല ഓരോ നിമിഷവും തകർന്നു കൊണ്ടിരിക്കുകയാണ്. മന്ത്രിമാർക്ക് ജനങ്ങൾ മാർക്കിടാൻ തീരുമാനിച്ചാൽ പൂജ്യം മാർക്കായിരിക്കും ലഭിക്കുക. പൂജ്യത്തിലും താഴെ മാർക്ക് ലഭിക്കുക ആരോഗ്യമന്ത്രിക്കാണ്. ശൈലജ ടീച്ചറെ ഒതുക്കാനാണ് പിണറായി ആരോഗ്യം വീണ ജോർജിനെ ഏൽപ്പിച്ചതെന്ന് ഫിറോസ് ആരോപിച്ചു.
ഡോക്ടർമാരുടെ വായമൂടിക്കെട്ടിയാൽ സത്യം പുറത്തു വരില്ല എന്നാണോ സർക്കാർ കരുതുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ തീപിടുത്തം ഉണ്ടായിട്ട് നാളുകൾ ഏറെയായി. ഇന്നുവരെ റിപ്പോർട്ട് പുറത്തു വന്നിട്ടില്ല. സ്വകാര്യ ലോബികളെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്വകാര്യ ആശുപത്രികൾ സംസ്ഥാനത്ത് കൂണുപോലെ മുളച്ചു പൊന്തുന്നു. ഡോക്ടർമാരുടെ വായ മൂടിക്കെട്ടുന്നതുപോലെ ജനങ്ങളുടെ വായമൂടി കെട്ടാൻ സർക്കാരിനാവില്ലെന്നും പി കെ ഫിറോസ് കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here