മനോരമ പത്രാധിപർ ജോസ് പനച്ചിപ്പുറത്തിനെതിരെ കോപ്പിയടി ആരോപണം!! പ്രതിരോധിച്ച് മനോരമ ജേണലിസ്റ്റുകൾ, തർക്കം മുറുകുന്നു

മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറും ഭാഷാപോഷിണി പത്രാധിപരുമായ ജോസ് പനച്ചിപ്പുറം കോപ്പിയടി നടത്തിയെന്ന് ഗുരുതര ആരോപണവുമായി എഴുത്തുകാരനും ജേണലിസ്റ്റുമായ ബിനു ജോൺ. മനോരമ പ്രസിദ്ധീകരണമായ ‘ഭാഷാപോഷിണി’യുടെ അവസാന പേജിൽ പനച്ചിപ്പുറം പതിവായി എഴുതുന്ന കോളത്തെക്കുറിച്ചാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. പാകിസ്ഥാൻകാരനും പാരീസിലെ പത്രവിൽപ്പനക്കാരനുമായ അലി അക്ബറിനെക്കുറിച്ച് ഏറ്റവും പുതിയ പതിപ്പിൽ എഴുതിയിരിക്കുന്ന കുറിപ്പ്, ന്യൂയോർക്ക് ടൈംസിൽ വന്ന ലേഖനത്തിൻ്റെ മോഷണമാണെന്നാണ് ബിനു ജോൺ ഫെയ്സ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
35 വർഷത്തിലധികമായി ദേശീയ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ് കോട്ടയം സ്വദേശി ബിനു ജോൺ. കായിക വിനോദങ്ങളെക്കുറിച്ച് ടോപ് ഗെയിം എന് പേരിൽ ബിനു എഴുതിയ പുസ്തകം ഏറെ വായിക്കപ്പെട്ടതാണ്. തിരുവനന്തപുരത്ത് വെച്ച് യാദൃഛികമായി ഭാഷാപോഷിണി വായിക്കാനിടയായ സാഹചര്യം വിവരിച്ചാണ് ബിനു ഇന്നലെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. മലയാള മനോരമ പത്രാധിപ സമിതിയിലെ ഏറ്റവും മുതിർന്ന അംഗത്തെക്കുറിച്ച് ഉയർന്ന ഈ ആരോപണം വ്യക്തിപരമായി മാത്രമല്ല, സ്ഥാപനത്തെ സംബന്ധിച്ചും വല്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് ഭാഷാപോഷിണി പോലൊരു പ്രസിദ്ധീകരണത്തെക്കുറിച്ച് ആകുമ്പോൾ.

“മനോരമ ഗ്രൂപ്പിന്റെ ഭാഷാപോഷിണിയുടെ കോപ്പി തിരുവനന്തപുരത്ത് നിന്ന് വാങ്ങി. പനച്ചി എന്നൊരാൾ എഴുതുന്ന അവസാന പേജിലെ പംക്തി പാക്കിസ്ഥാനിലെ അലി എന്ന പത്ര വില്പനക്കാര നെപ്പറ്റിയാണ്. അത് കഴിഞ്ഞയാഴ്ച ഞാൻ താൽപര്യത്തോടെ ന്യൂയോർക് ടൈംസിൽ വായിച്ച Extra! Extra! Read All About Last Newspaper Hawker in Paris എന്ന ഫീച്ചറിൻ്റെ പദാനുപദ മോഷണം ആണ്. ന്യൂയോർക് ടൈംസിനെയോ മറ്റേതെങ്കിലും സോഴ്സിനേയോ പനച്ചി വെളിപ്പെടുത്തിയിട്ടില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെ എഴുതിവിടുന്ന ഒരു മുതിർന്ന എഴുത്തുകാരന്റെ നാണമില്ലായ്മയെക്കുറിച്ച് പറയാതെ വയ്യ” -ഇങ്ങനെയാണ് ബിനു ഇംഗ്ലീഷിൽ എഴുതിയത്.
പത്രാധിപരെ രക്ഷിക്കാൻ മനോരമ ജേണലിസ്റ്റുകളിൽ ചിലർ പ്രതിരോധങ്ങൾ ഉയർത്തുന്നെങ്കിലും ആരോപണം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. മനോരമ ജേണലിസ്റ്റുകളായ ജോമി തോമസും ടോണി ജോസുമൊക്കെ ബിനുവിൻ്റെ പോസ്റ്റിൽ കമൻ്റിട്ട് ജോസ് പനച്ചിപ്പുറത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ടെ്. പാരീസിലെ അലിയുടെ വാർത്ത ന്യൂയോർക്ക് ടൈംസിൽ മാത്രമല്ല, റോയിട്ടേഴ്സ് ന്യൂസ് ഏജൻസി അടക്കം റിപ്പോർട്ട് ചെയ്തതാണെന്നും, ഏജൻസിയിൽ നിന്ന് പണം നൽകി വാങ്ങുന്ന മനോരമ പോലെയുള്ള സ്ഥാപനത്തിന് അത്തരം വിവരം യഥേഷ്ടം ഉപയോഗിക്കാമെന്നും, ലോകത്തെല്ലാ മാധ്യമങ്ങളും അത് ചെയ്യുന്നുണ്ട് എന്നുമാണ് അവരുടെ വാദം.
എന്നാൽ കോളമെഴുത്തുകാർ ആരും ഇത്തരമൊരു ഏജൻസി വാർത്തയും തൻ്റെ സ്വന്തമെന്ന മട്ടിൽ പേരുവച്ച് എഴുതില്ലെന്നും, അത് മോഷണമല്ലാതെ മറ്റൊന്നുമല്ലെന്നും വിശദീകരിച്ച് ബിനു ജോണും വിഷയം സജീവമാക്കി നിലനിർത്തുകയാണ്. അല്ലെങ്കിൽ സോഴ്സ് പറഞ്ഞുതന്നെ എഴുതണമായിരുന്നു എന്നും ചൂണ്ടിക്കാട്ടുന്നു. അലിയുടെ വിവരം പനച്ചിപ്പുറത്തിൻ്റെ കോളത്തിലെ ഒരു വിഷയം മാത്രമാണെന്നും, അതിലൂടെ മലയാളത്തിലെ ആദ്യകാല സിനിമ ‘ന്യൂസ്പേപ്പർ ബോയ്’ വരെ പരാമർശ വിധേയമാകുന്നുണ്ട് എന്നുമെല്ലാം മനോരമക്കാർ ഉന്നയിക്കുന്നെങ്കിലും വിട്ടുകൊടുക്കാൻ ബിനു തയ്യാറാകാത്തതോടെ തർക്കം മുറുകുകയാണ്.

1999ൽ ഹിന്ദുസ്ഥാൻ ടൈംസ് ചീഫ് എഡിറ്ററായിരുന്ന വി എൻ നാരായണൻ ലണ്ടനിലെ സണ്ടേ ടൈംസിൽ വന്ന ഒരു ലേഖനം കോപ്പിയടിച്ച് സ്വന്തം കോളത്തിൽ ചേർത്തത് പയനിയർ പത്രത്തിൻ്റെ എഡിറ്റർ ബി എൻ ഉണ്ണിയാൽ തെളിവുസഹിതം പുറത്തു കൊണ്ടു വന്നു. ഈ വാർത്ത പുറത്തുവന്ന അന്നുതന്നെ നാരായണൻ ജോലി രാജിവച്ചു പോയി. സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കവിതാ കോപ്പിയടിയും വാഴക്കുല പ്രബന്ധവും മുതൽ പൂമരം സാഹിത്യചോരണം വരെ ആഘോഷമാക്കിയ മാധ്യമ സ്ഥാപനം തന്നെ സമാന ആരോപണത്തിൽ പ്രതിക്കൂട്ടിലാകുന്ന സ്ഥിതിയാണിപ്പോൾ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് സങ്കീർണമാണ് സാഹചര്യം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here