കോൺഗ്രസ് ഇത്രമേൽ അപഹാസ്യമായ കാലമില്ല; നേതൃപദവികൾ സമുദായങ്ങൾക്ക് തീറെഴുതുന്നോ… പരുക്കെല്ലാം അങ്ങനെ തീരുമോ?

കോൺഗ്രസ് പാർട്ടി മുസ്ലിം പ്രീണനം നടത്തുന്നുവെന്ന് അടുത്തകാലത്തായി ആക്ഷേപം ഉയർത്തുന്നത് പരമ്പരാഗതമായി കോൺഗ്രസ് ആയിരുന്ന ക്രിസംഘികളാണ്. ഇവരെ പ്രീണിപ്പിക്കാനാണ് ഇത്തവണ കത്തോലിക്കാ കെപിസിസി പ്രസിഡൻ്റ് എന്ന ഫോർമുല പാർട്ടി നേതൃത്വം കൊണ്ടുവന്നത്. അതാകട്ടെ ചർച്ച ചെയ്ത് ചെയ്ത് അങ്ങേയറ്റം വഷളാക്കുകയും ചെയ്തു. അതുകൊണ്ടാണ് സഭക്ക് തന്നെ ദീപികയിലൂടെ പറയേണ്ടി വന്നത്, അത് നമ്മുടെ അക്കൌണ്ടിൽ വേണ്ടെന്ന്.
സമുദായ സംഘടനകൾ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്നവരാണ് കോൺഗ്രസിനെ നയിക്കുന്നതെന്ന് ഒരുകാലത്ത് ആക്ഷേപം ഉയർത്തിയവരാണ് ഇന്ന് പാർട്ടിയുടെ തലപ്പത്ത്. എന്നാലിപ്പോൾ കട്ടിലും തൊട്ടിലുമായി ജാതി, മത സംഘടനകൾക്ക് പിന്നാലെ പോകുകയാണ് പാർട്ടിയെന്ന് ഒരുവിഭാഗം പരിതപിക്കുന്നുണ്ട്. അവരെയെല്ലാം ഞെട്ടിച്ചത് പുതിയ കെപിസിസി അധ്യക്ഷനെ ചൊല്ലിയുണ്ടായ ചർച്ചകളാണ്. കത്തോലിക്കാ കെപിസിസി പ്രസിഡൻ്റെന്ന വിശേഷണത്തോടെ ആൻ്റോ ആൻ്റണിയുടെ വരവ് ഒഴിവായതിൽ ഉള്ളാലെ ആശ്വാസിക്കുകയാണ് പലരും.
നാടിനെ ബാധിക്കുന്നതോ പാർട്ടിയെ ബാധിക്കുന്നതോ ആയ ഏതെങ്കിലുമൊരു വിഷയത്തിൽ ആൻ്റോ ആൻ്റണി അഭിപ്രായം പറഞ്ഞ് ഇന്നുവരെ ആരും കേട്ടിട്ടില്ല. തിരഞ്ഞെടുപ്പിന് അല്ലാതെ ഒരു രാഷ്ട്രീയവും പറയാറില്ല. ഇതുകൊണ്ടൊക്കെ തന്നെ ആർക്കും ശത്രുതയില്ലെന്നും ആരും എതിർക്കില്ലെന്നും അദ്ദേഹത്തിൻ്റെ സ്പോൺസർമാർ കരുതി. എന്നാൽ കോൺഗ്രസ് പ്രവർത്തകരും പല നേതാക്കളും അദ്ദേഹത്തെ ഒരു രാഷ്ട്രീയക്കാരനായി പോലും കണ്ടിട്ടില്ല എന്നാണ് പുതിയ പ്രതികരണങ്ങളിലൂടെ ഇപ്പോൾ പലരും തിരിച്ചറിയുന്നത്.
കോൺഗ്രസ് മുക്ത കേരളം സൃഷ്ടിക്കാനായി സിപിഎമ്മിനെ പല വിധത്തിലും പ്രോത്സാഹിപ്പിക്കുന്ന ബിജെപി, കോൺഗ്രസിലും ഓപ്പറേഷൻ താമരക്ക് വിത്തുപാകിയിട്ടുണ്ടോ എന്ന സംശയം പോലും ഈ ദിവസങ്ങളിൽ പ്രവർത്തകർ പലരും ഉന്നയിക്കാൻ തുടങ്ങി. കെ സുധാകരൻ നിർദേശിച്ച സണ്ണി ജോസഫിനെയും തഴഞ്ഞ് ഇന്നുവരെ ഒരു കെപിസിസി ഭാരവാഹി പോലും ആയിട്ടില്ലാത്ത ആൻ്റോയെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് നിർദേശിച്ചത് ആരുടെ താൽപര്യമാണെന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമായിട്ടുണ്ട്.
ഇങ്ങനെ രാഷ്ട്രീയത്തിൽ ‘ആൻ്റണി പെരുമ്പാവൂർ’ മോഡലൊരു വിശ്വസ്തനെ സൃഷ്ടിക്കാൻ ചിലർ നടത്തിയ ശ്രമം തിരിച്ചറിഞ്ഞത് കൊണ്ടുകൂടിയാണ് ദീപിക പരസ്യമായും ബിഷപ്പുമാരിൽ ചിലർ രഹസ്യമായും ഈ നീക്കത്തെ തളളിയത്. പോരാത്തതിന്, പൊതുവിൽ കത്തോലിക്കനെന്ന് അറിയപ്പെടുന്നെങ്കിലും സമീപകാലത്തായി മറ്റൊരു ക്രൈസ്തവിഭാഗവുമായി ആൻ്റോ പുലർത്തുന്ന അടുപ്പവും ചർച്ചയായിട്ടുണ്ട്. ഇക്കാര്യവും കൂടി ഉന്നയിക്കപ്പെട്ടതോടെയാണ് ഒരാഴ്ചയായി നടന്ന നീക്കങ്ങളെല്ലാം സ്വിച്ചിട്ട പോലെ നിലച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here