SV Motors SV Motors

‘ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യന്‍ മുജാഹിദീനിലും ഇന്ത്യ ഉണ്ട്’; പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് മോദി

ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യ എന്നുണ്ടെന്നും എന്നാല്‍ പേരിലുള്ളതല്ല അവരുടെ യഥാർത്ഥ മുഖമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്ററി പാർട്ടി യോഗത്തില്‍ ബിജെപി എംപിമാരെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പരാമർശങ്ങള്‍ നടത്തിയത്.

പ്രതിപക്ഷ ഐക്യത്തെ ലക്ഷ്യബോധമില്ലാത്ത കൂട്ടമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പോലെ ബ്രിട്ടീഷുകാരുണ്ടാക്കിയതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്നും പരിഹസിച്ചു. മണിപ്പൂർ വിഷയത്തില്‍ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രതിപക്ഷ ഐക്യത്തിനെതിരായ പ്രധാനമന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്സഭ ഉച്ചയ്ക്ക് രണ്ടുമണിവരെയും രാജ്യസഭ 12 മണിവരെയും നിര്‍ത്തിവെച്ചു.

അതേസമയം, കേന്ദ്രസർക്കാരിനെതിരെ ലോക്സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയാണ് ‘ഇന്ത്യ’ സഖ്യം. മണിപ്പൂർ വിഷയത്തില്‍ ചർച്ചയാരംഭിക്കാന്‍ സർക്കാരിനെ നിർബന്ധിതരാക്കാനുള്ള മാർഗമെന്ന നിലയിലാണ് പ്രതിപക്ഷ സഖ്യം അവിശ്വാസ പ്രമേയം മുന്നോട്ടുവയ്ക്കുന്നത്. ചൊവ്വാഴ്ച രാവിലെ നടന്ന ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗത്തില്‍ അവിശ്വാസ പ്രമേയം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു എന്നാണ് വിവരം. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖർഗെ നാളെ പ്രതിപക്ഷ മുന്നണി നേതാക്കളുമായി ചർച്ച നടത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top