തരാതരംപോലെ പോപ്പിനെ അനുസ്മരിക്കുന്ന പ്രധാനമന്ത്രി; ക്രൈസ്തവരെ തല്ലുന്ന മോദിജിയുടെ അണികളും; ഇതോ ന്യൂനപക്ഷ സംരക്ഷണം

കഴിഞ്ഞ ദിവസം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ അന്തരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലോകത്തിന് നല്‍കിയ സംഭാവനകളെ വാനോളം പുകഴ്ത്തി. പോപ്പിനെ നേരിൽ കണ്ടപ്പോഴെല്ലാം ആ ബന്ധത്തിൻ്റെ ഊഷ്മളത തിരിച്ചറിഞ്ഞു എന്നും വിശദീകരിച്ചു. എന്നാൽ അതേ പോപ്പിൻ്റെ അനുയായികളായ ക്രൈസ്തവ സഭകളിലെ വൈദികർക്കും വിശ്വാസികൾക്കുമെതിരെ രാജ്യത്തിൻ്റെ പലകോണിലും നടക്കുന്ന അതിക്രമങ്ങളിൽ ചെറുവിരലനക്കാൻ പ്രധാനമന്ത്രിയോ അദ്ദേഹത്തിൻ്റെ പാർട്ടിക്കാരോ തയ്യാറില്ല. മണിപ്പൂരിലെ അക്രമങ്ങൾ മുതലിങ്ങോട്ട് ഇന്നലെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഉണ്ടായ സംഭവത്തിൽ പോലും നടപടിക്ക് പോലീസ് തയ്യാറായിട്ടില്ല. ന്യൂനപക്ഷ പ്രീണനവും പീഡനവും ഒരുപോലെ നടത്തുന്ന ബിജെപിയുടെ ഇരട്ട മുഖമാണിവിടെ വെളിപ്പെടുന്നത്.
“ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്തരിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള ആളുകളെ വേദനയിലാഴ്ത്തി. വലിയൊരു പാരമ്പര്യം അവശേഷിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഓര്‍മ്മയായത്. സംസ്‌കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു രാഷ്ട്രത്തി നുവേണ്ടി ആദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രി ജോര്‍ജ്ജ് കുര്യനും ഒപ്പമുണ്ടായിരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കാണാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു. മാര്‍പ്പാപ്പയില്‍ നിന്ന് പ്രത്യേകമായ ഒരു ഊഷ്മളത അനുഭവപ്പെട്ടു. മാനവികത, സേവനം, സമാധാനം എന്നിവയെക്കുറിച്ച് പോപ്പുമായി നടത്തിയ ചര്‍ച്ചകള്‍ ഇന്നും പ്രചോദനമായിത്തീരുന്നു”. തുറമുഖ സമര്‍പ്പണ വേളയില്‍ വിഴിഞ്ഞത്ത് പ്രധാനമന്ത്രി മോദി പറഞ്ഞ വാക്കുകളാണിത്.
പ്രധാനമന്ത്രിയുടെ ഈ പ്രസംഗം നടന്നതിന്റെ തൊട്ടുതലേന്ന്, അതായത് ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് വിനോദയാത്ര പോയ കത്തോലിക്ക സ്‌കൂളിലെ ജീവനക്കാരെ മതപരിവര്‍ത്തനം ആരോപിച്ച് ആക്രമിക്കാന്‍ ശ്രമിച്ച സംഭവം ബിജെപി ഭരിക്കുന്ന മധ്യ പ്രദേശിലുണ്ടായി. ജാബുവ ജില്ലയിലെ ന്യൂ കാത്തലിക് മിഷന്‍ സ്‌കൂളിലെ (New Catholic Mission School Jhabua) ജീവനക്കാര്‍ക്കു നേരെയാണ് ബജ്രഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയത്. ജീവനക്കാര്‍ക്കൊപ്പം കന്യാസ്ത്രീകളും രണ്ട് വൈദികരും ഉണ്ടായിരുന്നു. ഇവര്‍ ഇന്‍ഡോറിലെ പാര്‍ക്കില്‍ ഒരുമിച്ച് ഇരിക്കുമ്പോഴാണ് ബജ്രഗ്ദള്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി അപമാനിക്കാന്‍ ശ്രമിച്ചത്.

കന്യാസ്ത്രീകളും മറ്റ് ചില സ്റ്റാഫ് അംഗങ്ങളും ധരിച്ച ജപമാല കണ്ടാണ് അക്രമിസംഘം ഇവര്‍ക്ക് നേരെ മതപരിവര്‍ത്തന ആരോപണം ഉയര്‍ത്തി പാഞ്ഞടുത്തത്. മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം. ജാബുവ രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് ന്യൂ കാത്തലിക് മിഷന്‍ സ്‌കൂള്‍. അകാരണമായി തങ്ങളെ തടഞ്ഞ് വെച്ച് ചോദ്യം ചെയ്യുകയും അസഭ്യ വാക്കുകള്‍ പറയുകയും ചെയ്തതായി പ്രിന്‍സിപ്പല്‍ ഫാദര്‍ സോനു വാസുനിയ യുണൈറ്റഡ് കാത്തലിക് ന്യൂസ് ഏജന്‍സിയോട് (United Catholic News Agency – UCA News) പറഞ്ഞു. സ്റ്റാഫ് അംഗങ്ങളിലെ ഗോത്രവര്‍ഗ ജീവനക്കാരെ മതപരിവര്‍ത്തനം നടത്തി എന്നാണ് അവർ ആരോപിച്ചത് എന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ബജ്രഗ്ദള്‍ പ്രവര്‍ത്തകര്‍ ജീവനക്കാരെ തടഞ്ഞുവെച്ച ഘട്ടത്തില്‍ യാത്ര വെട്ടിച്ചുരുക്കി പാര്‍ക്കില്‍ നിന്ന് പോകാന്‍ ശ്രമിച്ചെങ്കിലും തങ്ങളെ സമീപത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ബലമായി പിടിച്ചു കൊണ്ടുപോയതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. ബജ്രഗ്ദള്‍ പ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യങ്ങളും ഭീഷണിയുമാണ് പോലിസുകാരും ആവര്‍ത്തിച്ചതെന്ന് ഫാദര്‍ സോനു പറഞ്ഞു. സംരക്ഷണം തരാന്‍ ബാധ്യസ്ഥരായ പോലീസുകാരും ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് തങ്ങളെ അപമാനിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
വ്യാജ മതപരിവര്‍ത്തന ആരോപണം ഉയര്‍ത്തി ക്രിസ്ത്യാനികളെ ആക്രമിക്കുന്നത് മധ്യപ്രദേശില്‍ പതിവായെന്ന് ഇന്‍ഡോര്‍ രൂപത ബിഷപ്പ് തോമസ് കുറ്റിമാക്കല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പരിഷ്‌കൃത സമൂഹത്തിന് ചേരുന്ന പ്രവര്‍ത്തികളല്ല ക്രൈസ്തവര്‍ക്ക് നേരെ മധ്യപ്രദേശില്‍ നടക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ സംഘടിതമായ അക്രമങ്ങള്‍ ഉണ്ടായിട്ടും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് നീതി ഉറപ്പാക്കാന്‍ ഒരു ശ്രമവും ഉണ്ടാവുന്നില്ല. എന്തിനും ഏതിനും മതപരിവര്‍ത്തനം ആരോപിച്ചാണ് അക്രമം അഴിച്ചുവിടുന്നതെന്നും ബിഷപ്പ് പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ച് 31നാണ് മധ്യപ്രദേശിലെ ജബല്‍പൂരില്‍ രണ്ട് മലയാളി വൈദികരെ പോലീസിന്റെ സാന്നിധ്യത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചത്. കേസെടുത്തെങ്കിലും ഒരാളെ പ്പോലും അറസ്റ്റ് ചെയ്തില്ല. പാര്‍ലമെൻ്റിൽ ഉൾപ്പെടെ പ്രതിപക്ഷം വിഷയം ഉന്നയിച്ചെങ്കിലും പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ സംഭവത്തെ അപലപിക്കാന്‍ തയ്യാറായില്ല. വികാരി ജനറല്‍ ഫാ. ഡേവിസ് ജോര്‍ജ്, രൂപതാ പ്രൊക്യൂറേറ്റര്‍ ഫാ. ജോര്‍ജ് തോമസ് എന്നിവര്‍ക്കു പുറമെ സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികളെയാണ് പോലീസ് സാന്നിധ്യത്തില്‍ അതിക്രൂരമായി മര്‍ദിച്ചത്. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ഈ ആക്രമണവും.
ജബല്‍പൂരില്‍ ക്രിസ്ത്യാനികള്‍ക്കു നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഇങ്ങ് കേരളത്തിലെ എംപിയും കേന്ദ്ര മന്ത്രിയുമായ ക്ഷുഭിതനായി സുരേഷ് ഗോപിയുടെ പ്രതികരണം ഇതിനേക്കാളെല്ലാം മോശമായിരുന്നു. പറയാന്‍ മനസ്സില്ലെന്നും, വളരെ സൂക്ഷിക്കണമെന്നും ആയിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here