നരേന്ദ്രമോദി പള്ളിയിൽ; പുറത്ത് പ്രതിഷേധം; ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചെന്ന് ആരോപണം

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ‘കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ’ സന്ദർശിച്ചു. ക്രിസ്മസ് രാവിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളിൽ അദ്ദേഹം പങ്കുചേർന്നു. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ഒരു വിഭാഗം വിശ്വാസികൾ രംഗത്തെത്തി.

ഡൽഹിയിലെ ഏറ്റവും പഴയതും വലുതുമായ പള്ളികളിലൊന്നായ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ എത്തിയ പ്രധാനമന്ത്രി ബിഷപ്പ് ഡോ പോൾ സ്വരൂപിന്റെ നേതൃത്വത്തിലുള്ള പ്രാർത്ഥനകളിൽ പങ്കെടുത്തു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം അദ്ദേഹം പങ്കുവെച്ചു.

Also Read : ‘ക്രിസ്മസ് തലേന്ന് ഛത്തീസ്ഗഡിൽ ബന്ദ്, സ്കൂൾ അവധി പിൻവലിച്ച് യുപി; രാജ്യത്ത് ക്രൈസ്തവർ കടുത്ത ഭീതിയിലെന്ന്’ വിഡി സതീശൻ

പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി പള്ളിക്ക് ചുറ്റും കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ബാരിക്കേഡുകൾ സ്ഥാപിച്ച് വിശ്വാസികളെ പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്. വിഐപി സന്ദർശനത്തിന്റെ പേരിൽ തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും വിശ്വാസികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്ന ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം എന്നതും ശ്രദ്ധേയമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top