വർഗീയ അജണ്ടക്ക് വഴങ്ങി; ഇന്ദിരക്കും നെഹ്റുവിനുമെതിരെ രൂക്ഷവിമർശനവുമായി നരേന്ദ്ര മോദി

ദേശീയ ഗീതമായ വന്ദേ മാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ കോൺഗ്രസിനെതിരെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥയുമായി വന്ദേ മാതരത്തെ ബന്ധിപ്പിച്ചാണ് മോദി ചരിത്രപരമായ വിമർശനമുയർത്തിയത്.
വന്ദേ മാതരം അതിൻ്റെ 100-ാം വാർഷികം ആഘോഷിക്കുമ്പോൾ രാജ്യം അടിയന്തരാവസ്ഥയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 100-ാം വാർഷികത്തിൽ ഭരണഘടനയുടെ കഴുത്തു ഞെരിക്കപ്പെട്ടു. രാജ്യസ്നേഹത്തിനായി ജീവിക്കുകയും മരിക്കുകയും ചെയ്തവരെ ജയിലിലടച്ചു. ഇന്ത്യൻ ചരിത്രത്തിലെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥ. വന്ദേ മാതര’ത്തിൻ്റെ മഹത്വം വീണ്ടെടുക്കാൻ 150-ാം വർഷം അവസരമായി കാണണം പ്രധാനമന്ത്രി പറഞ്ഞു.
Also Read : കർഷ വിരുദ്ധൻ, പാകിസ്താനെ സഹായിച്ചവൻ; നെഹ്റുവിനെതിരെ നരേന്ദ്ര മോദി
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെയും മോദി രൂക്ഷമായ ആരോപണമുന്നയിച്ചു. മുഹമ്മദലി ജിന്നയുടെ നിലപാടുകളെ നെഹ്റു പിന്തുണച്ചു എന്നാണ് ആക്ഷേപം. വന്ദേ മാതരം മുസ്‌ലിങ്ങളെ പ്രകോപിപ്പിക്കുമെന്ന ജിന്നയുടെ വാദത്തോട് നെഹ്റുവിന് യോജിപ്പുണ്ടായിരുന്നു. നെഹ്റു ആ ഗാനത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശിച്ചത് ജിന്നയുടെ എതിർപ്പ് വന്നതിന് അഞ്ചാം ദിവസം മാത്രമാണ്.
ദേശീയ ഗാനത്തിന്റെ ചരിത്രപരമായ പ്രസക്തിയിലും കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 1937-ലെ കോൺഗ്രസ് സെഷനിൽ വന്ദേ മാതരത്തിൻ്റെ പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയത് ഒരു വർഗീയ അജണ്ടയ്ക്ക് വഴങ്ങിയാണ്. വന്ദേ മാതരത്തെ കഷ്ണങ്ങളാക്കിയത് രാജ്യത്തിൻ്റെ വിഭജനത്തിൻ്റെ വിത്തുകൾ പാകി. ദേശീയ ഗാനം 150 വർഷം പൂർത്തിയാക്കുന്ന ഈ വേള, അതിന്റെ യഥാർത്ഥ പ്രതാപം പുനഃസ്ഥാപിക്കാനുള്ള നല്ല അവസരമാണെന്നും 1947-ൽ സ്വാതന്ത്ര്യം നേടിത്തന്ന ഗാനമാണിതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here