ട്രംപിൻ്റെ അവകാശവാദം തള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തത് എന്ത്? വെടിനിർത്തൽ കരാറിന് പിന്നാലെന്താണ് സംഭവിച്ചത്?

തൻ്റെ മധ്യസ്ഥതയിലാണ് ഇന്ത്യയും പാകിസ്ഥാനും വെടി നിർത്തൽ കരാറിൽ എത്തിയതെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദത്തെ തള്ളിക്കളയാൻ എന്തുകൊണ്ടാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി തയ്യാറാവാത്തതെന്ന ചോദ്യം നയതന്ത്ര വൃത്തങ്ങളിൽ സജീവമാണ്. “ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇരു രാജ്യങ്ങളും വെടിനിർത്തലിലേക്ക് എത്തിയത്. സാമാന്യ യുക്തിയുള്ളതും ബുദ്ധിപരവുമായ തീരുമാനത്തെ അഭിനന്ദിക്കുന്നു” – ഇങ്ങനെയായിരുന്നു പ്രസിഡൻ്റ് ട്രംപിൻ്റെ എക്സിലെ പോസ്റ്റ്.

ഇതോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്ക വിഷയങ്ങളിൽ മൂന്നാംകക്ഷിയുടെ ഇടപെടൽ പാടില്ല എന്ന പ്രഖ്യാപിത നിലപാടിൻ്റെ ലംഘനം സംഭവിച്ചുവെന്ന ആരോപണം പ്രതിപക്ഷം ഉയർത്തിയത്. ഇതിന് സർക്കാരും ബിജെപിയും ഇനിയും മറുപടി പറയാൻ തയ്യാറായിട്ടില്ല.
ട്രംപിൻ്റെ പ്രസ്താവന സൃഷ്ടിച്ച ആശയക്കുഴപ്പം പരിഹരിക്കാൻ നരേന്ദ്ര മോദി രംഗത്തു വരാത്തതിന് പിന്നിലെ ദുരൂഹത മാറ്റണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ പ്രധാന ആവശ്യം. ഇന്ത്യയും അയൽരാജ്യങ്ങളും തമ്മിൽ തർക്കമുണ്ടായാൽ മൂന്നാംകക്ഷിയുടെ ഇടപെടൽ പാടില്ല എന്ന നയമാണ് ജവഹർലാൽ നെഹ്റുവിൻ്റെ കാലം മുതൽ പിന്തുടർന്നു പോരുന്നത്. ഇതാണ് ലംഘിക്കപ്പെട്ടത് എന്നാണ് പ്രതിപക്ഷ ആക്ഷേപം. ഇന്ത്യാ – യുഎസ് താരിഫ് കരാർ സംബന്ധിച്ച് ചർച്ച നടക്കുന്ന വേളയിൽ അമേരിക്കയെ പിണക്കുന്ന നിലപാട് പ്രധാനമന്ത്രി മോദിക്ക് സ്വീകരിക്കാനാവില്ലെന്നും വ്യാഖ്യാനിക്കുന്നവരുണ്ട്.
ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തൽ കരാറിലെത്തിയത് എന്നാണ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി പറഞ്ഞത്. പാകിസ്ഥാനുമായുള്ള ചർച്ചയിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അപ്പോഴും അമേരിക്കൻ പ്രസിഡൻ്റിൻ്റെ അവകാശ വാദത്തെ നമ്മുടെ സർക്കാർ തള്ളിപ്പറയുകയോ, നിഷേധിക്കുക ചെയ്തിട്ടില്ല.
വെടിനിർത്തലിൻ്റെ സകല ക്രെഡിറ്റും പ്രസിഡൻ്റ് ട്രംപ് സ്വന്തം പോക്കറ്റിലാക്കാൻ ശ്രമിക്കുകയാണ്. അതേസമയം ഭീകരരെ അതിർത്തി കയറ്റിവിടുന്ന പാകിസ്ഥാൻ്റെ തീവ്രവാദ പ്രവർത്തനങ്ങളെ പ്രസിഡൻ്റ് ട്രംപ് തള്ളിപ്പറഞ്ഞതുമില്ല. ഞങ്ങൾ ഇതിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞ് കൈകഴുകി മാറിനിൽക്കുന്ന നിലപാടായിരുന്നു സംഘർഷമുണ്ടായ ആദ്യ ദിനങ്ങളിൽ യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് സ്വീകരിച്ചത്. വളരെ പെട്ടെന്നാണ് അമേരിക്ക യു-ടേൺ അടിച്ചതും വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന ട്രംപിൻ്റെ അവകാശവാദം പുറത്തു വന്നതും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here