സാക്ഷാല്‍ പിണറായി തന്നെ കളത്തില്‍ ഇറങ്ങുന്നു; പിഎം ശ്രീയില്‍ ബിനോയ് വിശ്വവുമായി ചര്‍ച്ച വൈകിട്ട്

പിഎം ശ്രീയില്‍ ഉടക്കി നില്‍ക്കുന്ന സിപിഐയെ ഏതു വിധേയനേയും തണുപ്പിക്കാന്‍ സിപിഎം. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സമവായ ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ട് 3.30നാണ് ബിനോയ് വിശ്വവുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. മന്ത്രിമാരെ പിന്‍വലിക്കുന്നതടക്കം കടുത്ത നടപടികളിലേക്ക് കടക്കണമെന്ന് സിപിഐക്കുളളില്‍ അഭിപ്രായം ശക്തമാണ്. മുന്നണിയിലെ പ്രബലകക്ഷിയെ പിണക്കേണ്ട എന്ന തീരുമാനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി തന്നെ ചര്‍ച്ചയ്ക്ക് തയാറാക്കിയിരിക്കുന്നത്.
ഇന്ന് സിപിഎം അടിയന്ത്ര സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നിരുന്നു. പിഎം ശ്രീയില്‍ സ്വീകരിക്കേണ്ട നിലപാടാണ് പ്രധാനമായും ചര്‍ച്ചയായത്. സിപിഐയെ പിണക്കി മുന്നോട്ടു പോകേണ്ട എന്നാണ് സെക്രട്ടറിയേറ്റില്‍ ഉണ്ടായ ധാരണ. പരമാവധി ചര്‍ച്ച നടത്തി സമവായം കാണാനാണ് ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി ആദ്യം തന്നെ ബിനോയ് വിശ്വവുമായി ഫോണില്‍ സംസാരിച്ചത്. സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗം ചേരുകയാണ്. ഇതില്‍ വിവാദം വിശദമായി ചര്‍ച്ച ചെയ്യും. തുടര്‍ന്നാകും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച.
പുന്നപ്ര വയലാര്‍ അനുസ്മരണ പരിപാടികള്‍ക്കായി മുഖ്യമന്ത്രി ആലപ്പുഴയില്‍ എത്തുന്നുണ്ട്. സിപിഐ യോഗവും ആലപ്പുഴയിലാണ് നടക്കുന്നത്. ഈ സഹചര്യത്തിലാണ് അവിടെ തന്നെ ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണിയിലെ അസ്വസ്ഥതകള്‍ നീട്ടികൊണ്ടു പോകുന്നതും വെല്ലുവിളിയാകും എന്നാണ് സിപിഎം കരുതുന്നത്. അതുകൊണ്ടാണ് തിരക്കിട്ടുള്ള നീക്കം നടക്കുന്നത്. നേരത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ നേരിട്ട് എത്തി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇതുകൊണ്ട് ഒന്നും സിപിഐ വഴങ്ങാതെ വന്നതോടെയാണ് പിണറായി വിജയന്‍ തന്നെ കളത്തില്‍ ഇറങ്ങിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here