സിപിഐയുടെ എതിര്‍പ്പുകള്‍ വെറും ‘ശൂ’ ആയിപ്പോയി; പിഎം ശ്രീയില്‍ ഒപ്പിട്ട് മോദിയുമായി ദോസ്തിയിലായി കേരളം

സിപിഐ എന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്തിട്ടും ഒന്നുറക്കെ കരയാന്‍ പോലും കഴിയാനാവാത്ത അവസ്ഥയില്‍ പെട്ടിരിക്കയാണ് 100 വയസായ പാര്‍ട്ടി. പിഎംശ്രീ പദ്ധതിക്കെതിരെ മന്ത്രിസഭാ യോഗത്തില്‍ മൂന്നുവട്ടം എതിര്‍പ്പുയര്‍ത്തിയിട്ടും അതൊന്നും ഗൗനിക്കാതെ കേന്ദ്രവുമായി വിദ്യാഭ്യാസ വകുപ്പ് കരാര്‍ ഒപ്പിട്ടു. 1979ല്‍ സിപിഐ നേതാവ് പികെ വാസുദേവന്‍ നായര്‍ ഇടതു ഐക്യത്തിനു വേണ്ടി മുഖ്യമന്ത്രി സ്ഥാനം വരെ വലിച്ചെറിഞ്ഞ് സിപിഎമ്മിനൊപ്പം ചേര്‍ന്നിരുന്നു. ഇത്ര വലിയ ത്യാഗം സഹിച്ച പാര്‍ട്ടിയുടെ എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നയങ്ങള്‍ ഒരു മടിയും കൂടാതെ നടപ്പാക്കുന്നത്. നാട്ടുകാരെ പറ്റിക്കാന്‍ സിപിഐ ഉയര്‍ത്തുന്ന എതിര്‍പ്പുകളില്‍ ലേശം പോലും ആത്മാര്‍ത്ഥത ഇല്ലെന്ന് നന്നായി അറിയാവുന്നതുകൊണ്ടാണ് സിപിഎം എന്നും വല്യേട്ടന്‍ സമീപനവുമായി നീങ്ങുന്നത്. ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടിയുടെ മന്ത്രിമാരെ പിന്‍വലിക്കണമെന്ന ആവശ്യം ചില നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. പക്ഷേ, നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു കടുത്ത തീരുമാനം എടുക്കാനുള്ള രാഷ്ടീയ ആരോഗ്യം സിപിഐക്കില്ല.

പിഎംശ്രീയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് ഡല്‍ഹിയില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇടത് മുന്നണിയിലോ മന്ത്രിസഭയിലോ ഒരു ചര്‍ച്ചയുമില്ലാതെ സിപിഎം ഒറ്റയ്ക്ക് തീരുമാനമെടുത്ത് പദ്ധതിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതില്‍ ഇടിവെട്ടേറ്റ് നില്‍ക്കയാണ് സിപിഐ. ധാരണാപത്രത്തില്‍ ഒപ്പു വെച്ചതോടെ മുടങ്ങിക്കിടന്ന ഫണ്ടുകള്‍ ഉടന്‍ ലഭിച്ചേക്കും. സര്‍വശിക്ഷാ അഭിയാന്റെ ഭാഗമായി 1500 കോടി രൂപ ഉടന്‍ അനുവദിക്കു മെന്നാണ് അറിയുന്നത്. തത്വത്തില്‍ ഇടത് മുന്നണിയിലെ രണ്ടാമത്തെ കക്ഷി എന്ന സ്ഥാനം സിപിഐയ്ക്ക് പകരം ബിജെപിക്ക് നല്‍കിയെന്നാണ് പ്രതിപക്ഷ ആരോപണം. സംഘപരിവാര്‍ അജണ്ടയുടെ പേരില്‍ മാറ്റിവെച്ച പദ്ധതി തിരഞ്ഞെടുപ്പ് അടുത്തതോടെ പൊടിതട്ടി എടുത്തതിന് പിന്നില്‍ സിപിഎമ്മിന്റെ ബിജെപി പ്രീണനമാണ് പ്രധാന ലക്ഷ്യം. കേന്ദ്രവുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കി സ്വന്തം കാര്യങ്ങള്‍ നേടിയെടുക്കുക എന്ന സിംഗിള്‍ അജണ്ടയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നീങ്ങുന്നത്.

2020ല്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 സെപ്റ്റംബര്‍ ഏഴിന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ അഥവാ പിഎംശ്രീ. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. രാജ്യത്തെ 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃകാ സ്ഥാപനങ്ങളായി ഉയര്‍ത്തുമെന്നാണ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. 27,000 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയത്. ഈ പദ്ധതിയില്‍ പ്രവേശിക്കുന്നതിനായി സ്‌കൂളുകള്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

പിഎംശ്രീ പദ്ധതിയിലൂടെ ബിജെപി അവരുടെ വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു തുടക്കത്തില്‍ സിപിഎമ്മും സിപിഐയും പറഞ്ഞിരുന്നത്. ഫണ്ട് നഷ്ടപ്പെടുന്നു എന്ന വളരെ തന്ത്രപരമായ കാര്‍ഡിറക്കി സിപിഎം പതിവുപോലെ ബിജെപി നയങ്ങളുടെ പ്രായോജകരായി മാറി. വര്‍ഗീയതക്കെതിരെ നിലപാട് സ്വീകരിക്കുന്നു എന്ന് മേനി നടിക്കാറുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അലോസരമുണ്ടാക്കുന്ന ഒരു നിലപാടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കലും സ്വീകരിക്കാറില്ല. അതിലെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് സിപിഐയുടെ എതിര്‍പ്പുകള്‍ക്ക് പുല്ലുവില നല്‍കി പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചത്.

ബിജെപി നയവുമായി സര്‍ക്കാര്‍ ചേര്‍ന്നു നിന്നു എന്ന് പറഞ്ഞ് ഇടത് ബന്ധം വിച്ഛേദിക്കാനോ, മന്ത്രിസഭയില്‍ നിന്ന് പിന്‍മാറാനോ ബിനോയ് വിശ്വവും കൂട്ടരും തയ്യാറാകില്ലെന്ന് ഉറപ്പാണ്. സിപഎമ്മിനെ വെല്ലുവിളിച്ച് മുന്നോട്ടു പോകാനുള്ള ജനപിന്തുണയോ ധാര്‍മ്മിക ബലമോ ഇപ്പോഴത്തെ സിപിഐ നേതൃത്വത്തിനില്ല. ഒരു പാര്‍ട്ടി എന്ന നിലയിലുള്ള അസ്തിത്വം ചോദ്യം ചെയ്യപ്പെട്ടിട്ടും സിപിഐക്ക് വെറും മുറുമുറുപ്പല്ലാതെ മറ്റൊന്നുമില്ല. കര്‍ക്കിടമാസത്തില്‍ പെരുമഴയത്ത് വീടിന്റെ കോലായിലെ ചാരത്തില്‍ വന്നു കേറിക്കിടക്കുന്ന പട്ടിയെ എത്ര ഓടിച്ചാലും അത് ഓടിപ്പോവില്ല. ചാരത്തിലെ ചൂട് പറ്റി കിടക്കാനുള്ള ആസക്തി മൂലം പട്ടി അവിടെ കിടക്കും. ഭരണത്തിന്റെ ശീതള ഛായ പറ്റിക്കിടക്കുന്ന സിപിഐയ്ക്ക് ഇത്തരം നയം മാറ്റങ്ങള്‍ തത്വങ്ങള്‍ പറയാനുള്ള കേവല മുട്ടുശാന്തി പ്രയോഗങ്ങള്‍ മാത്രം!

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top