പിണറായി പണി തുടങ്ങി; സിപിഐ കരുതി ഇരിക്കുക; കൊച്ചിയിലെ ഇറങ്ങിപ്പോക്ക് ഒരു സൂചന

പിഎം ശ്രീയില്‍ കടുത്ത നിലപാട് സ്വീകരിച്ച് മന്ത്രിസഭാ യോഗം അടക്കം ബഹിഷ്‌കരണം പ്രഖ്യാപിച്ച സിപിഐക്ക് അതേ രീതിയില്‍ തന്നെ മറുപടിയും പ്രതീക്ഷിക്കാം. സമവായത്തിനായി മണിക്കൂറോളം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ചര്‍ച്ച നടത്തിയിട്ടും വഴങ്ങാത്ത സിപിഐയെ അനുനയിപ്പിക്കാന്‍ മന്ത്രിസഭാ ഉപസമിതി എല്‍ഡിഎഫില്‍ ചര്‍ച്ച എന്നെല്ലാം സിപിഎം പറയുന്നുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള പരിഗണനയും കുറഞ്ഞിട്ടുണ്ട്. അതിന്റെ കൃത്യമായ പ്രതിഫലനമാണ് ഇന്ന് എറണാകുളം ഗസ്റ്റ്ഹൗസില്‍ കണ്ടത്.
നെല്ലു സംഭരണത്തിലെ പ്രതിസന്ധി കൃഷി, ഭക്ഷ്യ വകുപ്പുകള്‍ ഭരിക്കുന്ന സിപിഐക്ക് വലിയ തലവേദനയാണ്. അതിലെ പരിഹാരം കാണേണ്ടത് ആലപ്പുഴക്കാരനായ കൃഷി മന്ത്രി പി പ്രസാദിന്റെ ആവശ്യവുമാണ്. അതുകൊണ്ട് തന്നെയാണ് ഇന്ന് പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രിയെ കൂടി പങ്കെടുപ്പിച്ച് ഒരു യോഗം വിളിച്ചത്. എന്നാല്‍ യോഗത്തില്‍ നിന്ന് ക്ഷുഭിതനായി മുഖ്യമന്ത്രി ഇറങ്ങി പോവുകയാണ് ഉണ്ടായത്. മില്ലുടമകളെ ക്ഷണിക്കാതിരുന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പച്ചത്. കൂടാതെ കൃഷി വകുപ്പിനെ മറികടന്ന് നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ യോഗം വിളിക്കുകയും ചെയ്തു.
മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ഇന്നത്തെ യോഗത്തില്‍ ഉണ്ടായിരുത്. മില്ലുടമകളെ യോഗത്തിനു ക്ഷണിച്ചില്ലേ എന്ന് മുഖ്യമന്ത്രി യോഗം തുടങ്ങിയപ്പോള്‍ തന്നെ ആരാഞ്ഞു. മന്ത്രിതലത്തില്‍ തീരുമാനമെടുത്ത ശേഷം അക്കാര്യം മില്ലുടമകളെ അറിയിക്കാനാണ് തീരുമാനമെന്ന് മന്ത്രി അനില്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
എന്നാല്‍ മുഖ്യമന്ത്രി അതിനോട് യോജിച്ചില്ല. മില്ലുടമകളുമായി കൂടി കൂടിയാലോചന ഇല്ലാതെ എങ്ങനെയാണ് പ്രശ്‌നപരിഹാരമുണ്ടാവുക എന്ന് ചോദിച്ച് മുഖ്യമന്ത്രി യോഗം അവസാനിപ്പിക്കുക ആയിരുന്നു.
മന്ത്രിതലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുത്തശേഷം മില്ലുടമകളുമായി ചര്‍ച്ച എന്നതായിരുന്നു കൃഷി, ഭക്ഷ്യ വകുപ്പുകളുടെ തീരുമാനം. എന്നാല്‍ മുഖ്യമന്ത്രി ഇത് പാടെ തള്ളിയിരിക്കുകയാണ്. നെല്ല് സംഭരണത്തിന്റെ കാര്യത്തിലും തീരുമാനം തന്റെ ഓഫീസില്‍ നിന്ന് എടുക്കും എന്ന വ്യക്തമായ സന്ദേശം തന്നെയാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. ഇടതു മുന്നണിയിലെ തിരുത്തല്‍ കക്ഷിയാകാന്‍ ശ്രമിക്കുന്ന സിപിഐയെ അതേ രീതിയില്‍ മുഖ്യമന്ത്രിയും സിപിഎമ്മും തരം കിട്ടുമ്പോഴെല്ലാം തിരിച്ചടിക്കും എന്ന സൂചന തന്നെയാണ് പുറത്തു വരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here