പിഎം ശ്രീയില്‍ സിപിഎമ്മിന്റേത് കുറുപ്പിന്റെ ഉറപ്പായി തുടരുന്നു; ശിവന്‍കുട്ടിയുമായി ഫലപ്രദമായ ചര്‍ച്ചയെന്ന് കേന്ദ്രമന്ത്രി; വെട്ടിലായി സിപിഐ

പി എം ശ്രീയുടെ പേരില്‍ ഇടത് മുന്നണിയിലെ അവ്യക്തതയും അവിശ്വാസവും അങ്ങനെ തന്നെ തുടരുന്നു. പിഎം ശ്രീ മരവിപ്പിക്കുന്ന കാര്യം കേന്ദ്രത്തെ വാക്കാല്‍ അറിയിച്ചു എന്നാണ് മന്ത്രി ശിവന്‍കുട്ടി ഇന്നലെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ കണ്ട ശേഷം പറഞ്ഞത്. എന്നാല്‍ ഇങ്ങനെ ഒരാവശ്യം കേരളം മുന്നോട്ടുവെച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥിരികരിക്കുന്നുമില്ല. കേരളവുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നു എന്നാണ് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എക്‌സില്‍ കുറിച്ചത്. പതിവുപോലെ സിപിഎം സിപിഐയെ പറഞ്ഞു പറ്റിച്ചുവെന്ന ആക്ഷേപവും അന്തരീക്ഷത്തില്‍ ഉയരുന്നുണ്ട്.

ദേശീയ വിദ്യാഭ്യാസ നയം, പിഎം ശ്രീ എന്നിവയുടെ നടത്തിപ്പിനെക്കുറിച്ചും സമഗ്രശിക്ഷയുടെ കീഴിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ഫണ്ട് ലഭ്യമാക്കുന്ന തിനെക്കുറിച്ചും ഫലപ്രദമായ ചര്‍ച്ച നടത്തിയെന്നാണ് ധര്‍മ്മേന്ദ്ര പ്രധാന്‍ അവകാശപ്പെടിരിക്കുന്നത്. പിഎം ശ്രീ മരവിപ്പിക്കുന്ന് എന്ന് വാക്കാല്‍ പറഞ്ഞ ചര്‍ച്ച എങ്ങനെ ഫലപ്രദമാകുമെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല എന്നാണ് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാല്‍ എന്‍ഇപിയെ കുറിച്ച് ഫലപ്രദമായ ചര്‍ച്ച നടത്തിയെന്ന് കേന്ദ്രമന്ത്രിയും ഉറപ്പിച്ചു പറയുന്നു. We held productive discussions എന്നാണ് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പിഎം ശ്രീ മരവിപ്പിക്കണമെന്ന ഒരാവശ്യം ശിവന്‍കുട്ടി ഉന്നയിച്ചതായി കേന്ദ്രമന്ത്രി ഒരു സൂചന പോലും നല്‍കുന്നില്ല. ആകെ അവ്യക്തതയാണ് ഈ വിഷയത്തില്‍ നിലനില്‍ക്കുന്നത്.

പിഎം ശ്രീ നടപ്പാക്കുന്നില്ലെങ്കില്‍ ഒരുവരി കത്ത് കേന്ദ്രത്തിന് കൊടുത്താല്‍ പോരെ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. കത്ത് എന്ന് കൊടുക്കുമെന്നു പോലും പറയുന്നില്ല. ഇനി പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ഏതായാലും കത്ത് കൊടുക്കാന്‍ ഒരു സാധ്യതയുമില്ല. പിഎം ശ്രീയില്‍ നിന്ന് പിന്‍വാങ്ങുന്നതായി അറിയിച്ച് വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിന് കത്തയക്കുന്നത് വൈകുന്നതില്‍ സിപിഐക്ക് അമര്‍ഷമുണ്ടെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരിഭവം ഉള്ളിലടക്കാനാണ് ഏറെ സാധ്യത. ഇതുസംബന്ധിച്ചു തുറന്ന് പറച്ചിലുകള്‍ ഇനി നടത്തിയാല്‍ ത്രിതല പഞ്ചായത്തുകളില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥികളുടെ കാര്യം കട്ടപ്പൊകയാകുമെന്ന ഭയവും പാര്‍ട്ടിക്കുണ്ട്.

പിഎം ശ്രീയില്‍ നിന്ന് പിന്‍വാങ്ങാന്‍ കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭ യോഗമാണ് ഔദ്യോഗികമായി തീരുമാനിച്ചത്. സിപിഎം- സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലെ രാഷ്ട്രീയ തീരുമാനപ്രകാരമായിരുന്നു നടപടി. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ചെങ്കിലും നടപടി നീളുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top