മോദി പദ്ധതിയെച്ചൊല്ലി എൽഡിഎഫിൽ പൊട്ടിത്തെറി; സിപിഐക്ക് ശിവൻകുട്ടി നൽകുന്ന താക്കീത് പിണറായിയുടെ സന്ദേശം

കരാറില്‍ നിന്ന് പിന്‍മാറുന്നതായി സംസ്ഥാനം കത്ത് അയച്ചതോടെ പിഎം ശ്രീയെച്ചൊല്ലി എല്‍ഡിഎഫിലുണ്ടായ എല്ലാ തര്‍ക്കങ്ങളും അവസാനിച്ചു എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഒന്നും അവസാനിച്ചിട്ടില്ലെന്നും, ആളികത്താന്‍ പോവുകയാണ് എന്നുമുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് സമയമായിട്ടു പോലും പരസ്പരം പഴിചാരിയും മറുപടി നല്‍കിയും മുന്നണിയെ രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോരിന് തയാറെടുക്കുകയാണ്. മുറിവേറ്റതിന്റെ നീറ്റല്‍ ഇക്കാര്യത്തിൽ സിപിഎമ്മുന് ഉണ്ടെന്നും ഇത് എളുപത്തിൽ ഉണങ്ങില്ലെന്നും കൂടിയാണ് ഇതോടെ വ്യക്തമാകുന്നത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയിലേക്ക് കൊണ്ടുവന്ന പുതിയ പദ്ധതിയാണ് പിഎം ശ്രീ. പതിവുപോലെ കുട്ടികളുടെ പാഠ്യപദ്ധതിയിലേക്ക് സംഘപരിവാര്‍ അജണ്ട ഒളിച്ചുകടത്താനുള്ള ശ്രമം എന്ന് വിമര്‍ശിച്ച് സിപിഎമ്മും സിപിഐയും അടക്കം പ്രതിപക്ഷ കക്ഷികള്‍ എല്ലാം എതിര്‍ത്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പദ്ധതിയുമായി മുന്നോട്ടു പോയി. കേന്ദ്ര ഫണ്ടുകള്‍ ലഭിക്കാതായതോടെ തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളും നിയമപോരാട്ടത്തിലേക്ക് കടന്നു. ഈ ഘട്ടത്തിൽ കേരളമാകട്ടെ, പോരാട്ടമെല്ലാം അവസാനിപ്പിച്ച് കീഴടങ്ങാം എന്ന നിലപാടിലേക്ക് പോയതാണ് ഇപ്പോഴത്തെ കലഹങ്ങൾക്കെല്ലാം വഴിവച്ചത്.
സിപിഐ അടക്കമുള്ളവരെല്ലാം പിഎം ശ്രീയോടുള്ള എതിര്‍പ്പ് തുടർന്നു. സർക്കാരാകട്ടെ ഇതൊട്ടും വകവയ്ക്കാതെ രഹസ്യമായി കരാർ ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമില്ലാതെ വിദ്യാഭ്യാസ വകുപ്പോ മന്ത്രിയോ ഒപ്പിട്ട ഉദ്യോഗസ്ഥരോ ഈ തീരുമാനം എടുക്കില്ലെന്ന് ഉറപ്പായതോടെ സിപിഐക്ക് ഹാലിളകി. പിന്നെ രാഷ്ട്രീയ കേരളം കണ്ടത് സിപിഐയുടെ കടുത്ത എതിര്‍പ്പും മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമാണ്. വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ച് സിപിഐ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ നിരത്തിലിറങ്ങി. ഇതോടെ സിപിഎം ഒന്ന് പതുങ്ങി.
പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതായി കത്തു നല്‍കാമെന്ന് സിപിഐയെ അറിയിച്ചു. ഇതോടെ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിച്ചു എന്നാണ് കരുതിയത്. കത്തയക്കാന്‍ വൈകിയതും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം വേണ്ടതുപോലെ ഉന്നയിക്കാത്തതും ചൂണ്ടിക്കാട്ടി സിപിഐ വീണ്ടും രംഗത്ത് എത്തി. കേന്ദ്രത്തോട് വാക്കാൽ അറിയിച്ചുവെന്ന് ശിവൻകുട്ടി ന്യായം പറഞ്ഞെങ്കിലും അങ്ങേയറ്റം പൊസീറ്റീവായി കേന്ദ്രമന്ത്രി ഇട്ട പോസ്റ്റ് എല്ലാം വ്യക്തമാക്കുന്നതായിരുന്നു. വീണ്ടും സിപിഐ കടുപ്പിക്കുമെന്ന ഘട്ടം എത്തിയതോടെയാണ് ഇന്നലെ വൈകിട്ടോടെ സര്‍ക്കാര്‍ കത്തയച്ചത്. ഇതോടെ എല്ലാം ശാന്തമായി എന്ന വിലയിരുത്തലുണ്ടായി.
ഇപ്പോൾ സിപിഎമ്മിൻ്റെ ഊഴമാണ്. മുറിവേറ്റ സിംഹം പോലെ ഗർജിച്ച് ഇന്ന് ശിവന്‍കുട്ടി എത്തിയതോടെ സിപിഐ ഒന്ന് അമ്പരന്നിരിക്കുന്നു. സിപിഎമ്മിനെ ഇടതുരാഷ്ട്രീയം പഠിപ്പിക്കേണ്ട. കേന്ദ്രഫണ്ട് കേരളത്തിന് നഷ്ടമായാല്‍ താനല്ല, സിപിഐ ആണ് ഉത്തരവാദി. ആര്‍എസ്എസിനെ നേരിടാന്‍ തങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് വരുത്തി തീര്‍ക്കാര്‍ ആരും ശ്രമിക്കേണ്ടെന്നും പതിവില്ലാത്ത വിധം കടുപ്പിച്ചായിരുന്നു പ്രതികരണം. മന്ത്രി എന്തിനാണ് പ്രകോപിതനാവുന്നത് എന്ന് മാത്രം ചോദിച്ച ബിനോയ് വിശ്വം, അതുപോലെ പ്രതികരിക്കാനില്ലെന്ന് മാത്രം പറഞ്ഞ് അവനസാനിപ്പിച്ചു. ഒപ്പം ശിവന്‍കുട്ടിയെ അല്പ്പം പ്രശംസിക്കുകയും ചെയ്തു.
സിപിഎമ്മിന്റെ നിര്‍ദേശമില്ലാതെ വി ശിവന്‍കുട്ടി ഇത്തരമൊരു വാര്‍ത്താസമ്മേളനം നടത്തില്ല. അതും ഈ തിരഞ്ഞെടുപ്പ് കാലത്ത്. ഇത് സിപിഐക്കുളള സന്ദേശം തന്നെയാണ്. പിഎം ശ്രീയില്‍ ബിജെപിക്കും നരേന്ദ്ര മോദി സര്‍ക്കാരിനും ഒപ്പം നില്‍ക്കുന്നവരായി ചിത്രീകരിച്ചതിന് മറുപടി ഉറപ്പിക്കാം എന്ന സന്ദേശം. ഇത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ സിപിഐ. സിപിഎമ്മും സിപിഐയും തമ്മില്‍ നേരത്തേയും തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സംഘപരിവാര്‍ രാഷ്ട്രീയം പറഞ്ഞുളള തര്‍ക്കം ആദ്യമാണ്. ഇതിലാകട്ടെ തൽക്കാലം സിപിഐ നേട്ടമുണ്ടാക്കുകയും ചെയ്തു. അത് നിസാരമായി കാണാൻ വല്യേട്ടൻ ഒരുക്കമല്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here