മര്യാദാ ലംഘനം, അടിമത്വത്തിലേക്കുള്ള ഇരുളടഞ്ഞ പാത; പിഎംശ്രീയില്‍ ആഞ്ഞടിച്ച് ജനയുഗം; മുഖ്യമന്ത്രിക്ക് പേരിന് പോലും വിമര്‍ശനമില്ല

സിപിഐയുടെ എതിര്‍പ്പുകള്‍ക്ക് വില നല്‍കാതെ പിഎംശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പുവച്ചതിനെതിരെ വിമര്‍ശനവുമായി ജനയുഗം. പദ്ധതിയില്‍ കേരളം ഒപ്പുവച്ച എന്ന വാര്‍ത്ത പുറത്തുവന്നത് അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതുമായിരുന്നു എന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. വിദ്യാഭ്യാസ മേഖലയ്ക്ക് അര്‍ഹതപ്പെട്ട പണം ലഭിക്കാന്‍ പിഎംശ്രീയുമായി സഹകരിക്കണം എന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞപ്പോള്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നതാണ്. ഇടത് നയങ്ങള്‍ക്ക് വിരുദ്ധമാണ് പദ്ധതി അതിനാല്‍ സിപിഐ മന്ത്രിമാര്‍ രണ്ട് മന്ത്രിസഭായോഗങ്ങളില്‍ എതിര്‍പ്പ് ഉന്നയിക്കുകയും ചെയ്തിരുന്നു. രഷ്ട്രീയ തീരുമാനം വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായ തീരുമാനം മുന്നണി സംവിധാനത്തിന്റെ അടിസ്ഥാന മര്യാദകളുടെ ലംഘനമാണ്. അത് മന്ത്രി ശിവന്‍കുട്ടിയുടെ അറിവോടെ ഉണ്ടായതാണെന്നും ജനയുഗം വിമര്‍ശിക്കുന്നു.
ചര്‍ച്ചകളുടെയും സമവായത്തിന്റെയും എല്ലാ സാധ്യതകളും അട്ടിമറിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സ്വേച്ഛാധിപത്യത്തിനു വഴങ്ങുന്നത് സംസ്ഥാനത്തിന്റെ ഫെഡറല്‍ ജനാധിപത്യം അടിയറവയ്ക്കുന്ന നടപടിയാണ്. ഇതിലൂടെ തുറന്നുകാട്ടപ്പെടുക രാഷ്ട്രീയ ദൗര്‍ബല്യവും അടിമമനോഭാവത്തോട് ചേര്‍ന്നുനില്‍ക്കുന്ന ബലഹീനതയുമാണ്. ആശയപരവും രാഷ്ട്രീയവുമായ അടിമത്വത്തിലേക്കുള്ള ഇരുളടഞ്ഞ പാതയിലേക്ക് വിദ്യാഭ്യാസത്തെ നയിക്കാന്‍ അനുവദിച്ച് കൂടെന്നും മുഖപ്രസംഗം പറയുന്നു.
സിപിഎമ്മിനെ പേര് എടുത്ത് പറഞ്ഞ് മുഖപ്രസംഗത്തില്‍ ഒരിടത്തും വിമര്‍ശനമില്ല. അതുപോലെ മുഖ്യമന്ത്രിയേയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നില്ല. ആകെ വിദ്യഭ്യാസമന്ത്രിയെ മാത്രമാണ് വിമര്‍ശനമുനയില്‍ നിര്‍ത്തിയിട്ടുള്ളത്. അതും പേര് പോലും പറയാതെയാണ് വിമര്‍ശനം. വിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു തീരുമാനം എടുക്കുക മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും അറിവോടെ ആണ് എന്നത് എല്ലാവര്‍ക്കും വ്യക്തമാണ്. എന്നിട്ടും മുഖപ്രസംഗത്തില്‍ പോലും ഇതൊന്നും പറയാന്‍ സിപിഐയും ജനയുഗവും തയാറല്ല.
മുഖപ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് കേന്ദ്രസര്‍ക്കാരിന്റെ ‘പിഎം ശ്രി’ പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചതായ വാര്‍ത്ത വ്യാഴാഴ്ച വൈകുന്നേരത്തോടെ പുറത്തുവന്നത് അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതും ആയിരുന്നു. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് കേന്ദ്രത്തില്‍ നിന്നും ലഭ്യമാകേണ്ട അര്‍ഹതപ്പെട്ട വിഹിതം നേടിയെടുക്കാന്‍ പിഎം ശ്രി പദ്ധതിയില്‍ ഒപ്പുവയ്ക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം ശക്തമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. കേന്ദ്ര ബിജെപി സര്‍ക്കാര്‍ 2020ല്‍ പ്രഖ്യാപിച്ച ‘നവ വിദ്യാഭ്യാസ നയ'(ന്യൂ എജ്യൂക്കേഷന്‍ പോളിസി-എന്‍ഇപി)വും അതിന്റെ ‘പ്രദര്‍ശന മാതൃ’കകളായി വിഭാവനം ചെയ്യപ്പെടുന്ന പിഎം ശ്രി സ്‌കൂളുകളെയും സംബന്ധിച്ച ഇടതുപക്ഷ പാര്‍ട്ടികളുടെയും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെയും പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമാണ് വിദ്യാഭ്യാസമന്ത്രിയുടെ പൊടുന്നനെയുള്ള ചുവടുമാറ്റം എന്നതാണ് അത്തരമൊരു പ്രതികരണത്തിലേക്ക് നയിച്ചത്. പിഎം ശ്രി പദ്ധതി സംബന്ധിച്ച അജണ്ട മുമ്പ് രണ്ട് തവണ സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നിരുന്നു. സിപിഐ മന്ത്രിമാര്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുകയും അത് രാഷ്ട്രീയതലത്തില്‍, മുന്നണിയുടെ പരിഗണനയ്ക്കും തീരുമാനത്തിനും വിധേയമാവേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. വിദ്യാഭ്യാസമന്ത്രിയുടെ ഏകപക്ഷീയമായ പ്രഖ്യാപനത്തെ തുടര്‍ന്ന്, ഏറ്റവും അവസാനത്തെ മന്ത്രിസഭായോഗത്തിലും സിപിഐ മന്ത്രിമാര്‍ വിഷയം ഉന്നയിക്കുകയും കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം ഉണ്ടാവേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ഉണ്ടായി. വിഷയത്തോട് പ്രതികരിച്ച സിപിഐ (എം) ജനറല്‍ സെക്രട്ടറി എം എ ബേബി അക്കാര്യത്തില്‍ അനുഭാവപൂര്‍വവും തത്വാധിഷ്ഠിതവുമായ നിലപാടാണ് അവലംബിച്ചത്. എന്നാല്‍, ചര്‍ച്ചകളുടെയും സമവായത്തിന്റെയും എല്ലാ സാധ്യതകളെയും അട്ടിമറിക്കുന്ന നടപടിയാണ് പിഎം ശ്രി സ്‌കൂളുകള്‍ സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുക വഴി ഉണ്ടായത്. അത് മുന്നണി സംവിധാനത്തിന്റെ അടിസ്ഥാന ജനാധിപത്യ മര്യാദകളുടെ ലംഘനമാണ്. അത് ബന്ധപ്പെട്ട മന്ത്രിയുടെ അറിവോടും അനുമതിയോടും കൂടിയാണെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
പിഎം ശ്രി പദ്ധതിയോടുള്ള സിപിഐയുടെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും ജനാധിപത്യ മതേതര ശക്തികളുടെയും വിമര്‍ശനം അതിന്റെ ‘പ്രധാനമന്ത്രി’ ബ്രാന്റിങ്ങിനോടുള്ള എതിര്‍പ്പല്ല. മറിച്ച് അതിന്റെ ഉള്ളടക്കത്തോടും ലക്ഷ്യത്തോടുമുള്ള വിമര്‍ശനമാണ്. പിഎം ശ്രി സ്‌കൂള്‍ പദ്ധതിയുടെ ഒരു ലക്ഷ്യം ഇന്ത്യയിലെ സ്‌കൂളുകള്‍ക്ക് മാതൃകയാവുന്ന തരത്തില്‍ അവയുടെ അടിസ്ഥാനസൗകര്യ വികസനമാണ്. അതായത്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനം. കേരളം ഇക്കാര്യത്തില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാള്‍ സാര്‍വത്രികമായി എത്രയോ കാതം മുന്നിലാണ്. ശൗചാലയങ്ങള്‍, ക്ലാസ്മുറികള്‍, കുടിവെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് തുടങ്ങി ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ മഹാഭൂരിപക്ഷവും ലോകോത്തര നിലവാരം കൈവരിച്ചിട്ടുണ്ട് എന്ന് നമുക്ക് നിസംശയം അവകാശപ്പെടാം. പിന്നെ, പിഎം ശ്രി സ്‌കൂളുകളും അത് മുന്നോട്ടുവയ്ക്കുന്ന എന്‍ഇപിയും എന്താണ് ലക്ഷ്യംവയ്ക്കുന്നത്. വിദ്യാഭ്യാസരംഗത്തിന്റെ സ്വകാര്യവല്‍ക്കരണം, ബിജെപിയുടെ ചിന്താധാരയുടെയും രാഷ്ട്രീയപദ്ധതിയുടെയും ഉറവിടമായ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പ്രത്യയശാസ്ത്രത്തിന് അനുസൃതമായി പുതുതലമുറയെ വാര്‍ത്തെടുക്കുക തുടങ്ങിയവയാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. അതായത്, വിശാല അര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സാമ്പത്തികവും സാമൂഹികവുമായ നീതിബോധം, വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലെ സാഹോദര്യവും ദേശീയബോധവും തുടങ്ങിയ സാര്‍വത്രിക മൂല്യങ്ങളെ മുളയിലേ നുള്ളി സ്വേച്ഛാധികാരത്തിലും ജാതിവ്യവസ്ഥയിലും മതമേല്‍ക്കോയ്മയിലും അധിഷ്ഠിതമായ ഒരു സമൂഹ സൃഷ്ടിക്ക് വിത്തുപാകുന്ന ഒരു വിദ്യാഭ്യാസ സംവിധാനത്തെയാണ് അത് വിഭാവനം ചെയ്യുന്നത്.
സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ ജനങ്ങളുടെ നികുതിപ്പണ വിഹിതം നിക്ഷിപ്ത രാഷ്ട്രീയലക്ഷ്യങ്ങളോടെ നല്‍കുന്നതിന് മുന്നോട്ടുവയ്ക്കുന്ന ഉപാധികള്‍ക്ക് വഴങ്ങിക്കൊടുക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ പ്രവണതകള്‍ക്ക് മുന്നില്‍ സംസ്ഥാനത്തിന്റെ ഫെഡറല്‍ ജനാധിപത്യം അടിയറവയ്ക്കുന്ന നടപടിയാണ്. കേന്ദ്രസര്‍ക്കാരില്‍നിന്നും അര്‍ഹമായ വിഹിതം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാകണം. അത് സംസ്ഥാനവും കേന്ദ്രവും തമ്മില്‍ ഒരുതരം ജന്മികുടിയാന്‍ ബന്ധമായി അധഃപതിപ്പിക്കാന്‍ അനുവദിച്ചുകൂട. സംസ്ഥാനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതികളുടെയും തീരുവകളുടെയും അന്യായമായി കവര്‍ന്നെടുക്കുന്ന സെസുകളുടെയും പൊതുനിക്ഷേപത്തില്‍ നിന്നും പ്രകൃതിവിഭവങ്ങളുടെ വിനിയോഗത്തില്‍ നിന്നും ലഭ്യമായ വരുമാനത്തിന്റെയും ന്യായമായ പങ്ക് സംസ്ഥാനങ്ങളുടെ അവകാശമാണ്. അവ ആരുടേയും ഔദാര്യമല്ല. അത് ലഭിക്കാന്‍ കേന്ദ്രം നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മുന്നോട്ടുവയ്ക്കുന്ന അപ്രായോഗികവും അന്യായവും അധാര്‍മികവുമായ നിബന്ധനകള്‍ക്ക് വഴങ്ങിക്കൊടുക്കുന്നതിലൂടെ തുറന്നുകാട്ടപ്പെടുക രാഷ്ട്രീയ ദൗര്‍ബല്യവും അടിമമനോഭാവത്തോട് ചേര്‍ന്നുനില്‍ക്കുന്ന ബലഹീനതയുമാണ്. ബിജെപി പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയ ഫാസിസ്റ്റ് സ്വേച്ഛാധിപത്യ പ്രവണതയോട് സന്ധിചെയ്യാത്ത ഇടതുപക്ഷ ജനാധിപത്യ ബദലിന്റെ മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുവയ്ക്കുന്നത്. ആ ബദലിന്റെ രാഷ്ട്രീയത്തെയും പ്രത്യശാസ്ത്രത്തെയും ദുര്‍ബലമാക്കുന്ന യാതൊന്നും രാജ്യത്തെ ഇടതുപക്ഷ ജനാധിപത്യ പുരോഗമന ശക്തികള്‍ കേരളത്തിലെ എല്‍ഡിഎഫില്‍ നിന്നും അതിന്റെ ഗവണ്‍മെന്റില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. കൃഷി, മൃഗസംരക്ഷണം, വ്യവസായം തുടങ്ങി വിവിധ മേഖലകള്‍ക്ക് കേന്ദ്രം അനുവദിച്ചുനല്‍കുന്ന വിഹിതവും വിദ്യാഭ്യാസത്തിന് പ്രതിലോമകരമായ നിബന്ധനകളോടെ അനുവദിക്കുന്ന വിഹിതവും സൃഷ്ടിക്കുന്ന ആഘാതപ്രത്യാഘാതങ്ങള്‍ വേര്‍തിരിച്ചറിയാന്‍ നമുക്ക് കഴിയണം. വിദ്യാഭ്യാസം മനുഷ്യവിമോചനത്തിനുള്ള രാജപാതയാണ് പുതുതലമുറയ്ക്ക് മുന്നില്‍ തുറന്നുവയ്‌ക്കേണ്ടത്. അത് ആശയപരവും രാഷ്ട്രീയവുമായ അടിമത്വത്തിലേക്കുള്ള ഇരുളടഞ്ഞ പാതയാക്കി മാറ്റാന്‍ അനുവദിച്ചുകൂടാ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here