സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം; മന്ത്രി ശിവന്‍കുട്ടി എംഎന്‍ സ്മാരകത്തിൽ

പിഎംശ്രീയില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി സിപിഎം. സിപിഐ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ തന്നെ രംഗത്ത് ഇറക്കിയാണ് ചര്‍ച്ചകള്‍ക്ക് ശ്രമം തുടങ്ങിയത്. വിദ്യാഭ്യാസമന്ത്രി നേരിട്ട് സിപിഐ സംസ്ഥാന ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ എത്തി.

വിദേശത്തുളള മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെയാണ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്. അതിനു മുമ്പ് തന്നെ അനുനയനത്തിന്റെ ശ്രമങ്ങള്‍ തുടങ്ങിവയ്ക്കാനാണ് സിപിഎം ശ്രമം. സിപിഐ മന്ത്രി ശിവന്‍കുട്ടിയുടെ നടപടികളെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. അതേ മന്ത്രിയെ തന്നെ രംഗത്ത് ഇറക്കുന്നത് തര്‍ക്കപരിഹാരം അനായാസമാക്കും എന്നാണ് കണക്കാക്കുന്നത്.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംഎന്‍ സ്മാരകത്തില്‍ തന്നെയുണ്ട്. മന്ത്രി ശിവന്‍കുട്ടി ബിനോയ് വിശ്വത്തെയാകും കാണുക. എന്തുകൊണ്ട് ധാരണപത്രം ഒപ്പിട്ടു എന്ന് വിശദമാക്കുകയാകും മന്ത്രിയുടെ ലക്ഷ്യം. എന്നാല്‍ ഇതിനോട് സിപിഐ എങ്ങനെ പ്രതികരിക്കും എന്നാണ് ഇനി അറിയേണ്ടത്. ഇന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിലെ എഡിറ്റോറിയലിലും മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കടുത്ത നിലപാടുകളിലേക്ക് പോകാതെ സിപിഐയെ വേഗത്തില്‍ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. തദ്ദേശ നിയമസഭാ തിരിഞ്ഞെടുപ്പുകള്‍ വരാനിരിക്കെ മുന്നണിയില്‍ അസ്വരസ്യം സിപിഎം ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് വിദ്യാഭ്യാസമന്ത്രിയെ തന്നെ പാര്‍ട്ടി ആസ്ഥാനത്തേക്ക് വിട്ടുളള ശ്രമം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top