പിഎം ശ്രീയില്‍ തിരുത്തിച്ച സിപിഐയോട് കട്ടക്കലിപ്പില്‍ മന്ത്രി ശിവന്‍കുട്ടി; ഇടതുരാഷ്ട്രീയം സിപിഎമ്മിനെ പഠിപ്പിക്കേണ്ട

സിപിഐയുടെ കടുത്ത നിലപാടിനെ തുടര്‍ന്ന് പിഎം ശ്രീയില്‍ ഒപ്പുവച്ച കരാറില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് ഇന്നലെയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചത്. ഏറെ വാദിച്ചും വെല്ലുവിളിച്ചും മുന്നോട്ടു പോയിട്ടും അതില്‍ നിന്ന് പിന്നോട്ട് പോകേണ്ടി വന്നതിന്റെ കലിപ്പിലാണ് സിപിഎമ്മും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും. സിപിഐയുടെ പേര് എടുത്ത് പറഞ്ഞ് കടുത്ത വിമര്‍ശനമാണ് മന്ത്രി ഉന്നയിച്ചിരിക്കുന്നത്.
പിഎം ശ്രീയില്‍ നിന്ന് കേരളം പിന്നോട്ട് പോയത് ഇടതു രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത് ആരുടേയും വിജയത്തിന്റേയും പരാജയത്തിന്റേയും കാര്യമല്ല. ആരെങ്കിലും ഇടപെട്ടതുകൊണ്ടാണ് എന്നും കരുതുന്നില്ല. എല്ലാ കൂടിയാലോചിച്ച് എടുത്ത് തീരുമാനമനാണ്. ആരുടേയും വിജയവും പരാജയവുമല്ല. ഇടതുപക്ഷ മൂല്യങ്ങളില്‍ നിന്ന് ആര് പുറകോട്ട് പോയി എന്ന പോസ്റ്റുമോര്‍ട്ടം നടത്തുന്നില്ല. ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെ നടപ്പാക്കണം എന്ന് ഏതെങ്കിലും കേന്ദ്രങ്ങളില്‍ നിന്ന് പഠിക്കേണ്ട ഗതികേട് സിപിഎമ്മിന് ഇല്ലെന്നും മന്ത്രി തുറന്നടിച്ചു.
കേരളത്തില്‍ വിദ്യാഭ്യാസ മേഖലയുടെ താൽപ്പര്യം സംരക്ഷിച്ച് മുന്നോട്ടു പോകാനാണ് ശ്രമിച്ചത്. അത് ഭരണപരമായ ഉത്തരവാദിത്വവും വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ സമീപനത്തിന്റേയും ഭാഗമാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് അര്‍ഹതപ്പെട്ട ഫണ്ട് ലഭിക്കാന്‍ ശ്രമിക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. അതിന്റെ ഭാഗമായാണ് പിഎം ശ്രീയില്‍ ഒപ്പുവച്ചത്. അപ്പോഴും കേരളത്തിന്റെ മതനിരപേക്ഷതയും പുരോഗമന സ്വഭാവവും കാത്തു സൂക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിരുന്നു. ഇക്കാര്യം കേന്ദ്രവിദ്യാഭ്യാസമന്ത്രിയുമായുള്ള ചര്‍ച്ചയിലും വ്യക്തമാക്കിയിരുന്നു എന്നും ശിവന്‍കുട്ടി പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ഇനി എസ്എസ്‌കെ ഫണ്ട് ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ലഭിക്കേണ്ട 15000 കോടി കിട്ടിയില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ തനിക്കില്ല. അത് ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.
പിഎം ശ്രീ മുടക്കിയ സിപിഐ തന്നെ കേന്ദ്രഫണ്ട് ലഭിക്കാത്തതിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കണം എന്ന് തന്നെയാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here