പിഎം ശ്രീ മരവിപ്പിച്ചു; കത്ത് കൊടുത്തില്ല; കേന്ദ്രത്തോട് വാക്കാല്‍ പറഞ്ഞെന്ന് മന്ത്രി ശിവന്‍കുട്ടി

സംസ്ഥാനം പിഎം ശ്രീയില്‍ നിന്നും പിന്മാറുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനനെ അറിയിച്ചതായി മന്ത്രി വി ശിവന്‍കുട്ടി. എന്നാല്‍ ഇതുസംബന്ധിച്ച് രേഖമൂലം ഒന്നും അറിയിച്ചിട്ടില്ല. കൂടിക്കാഴ്ചയ്ക്കിടെ വാക്കാലാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അറിയിച്ചത്. പിഎം ശ്രീ മരവിപ്പിച്ചുവെന്നാണ് അറിയിച്ചിട്ടുള്ളത്. അനുകൂലമായോ പ്രതികൂലമായോ കേന്ദ്ര മന്ത്രി മറുപടി നല്‍കിയില്ല. സബ് കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷമേ കത്ത് നല്‍കൂ എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുളള ഫണ്ട് നഷ്ടമാകാതിരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ട്. ഇനി എല്ലാം വരുന്നിടത്ത് വെച്ച് കാണാം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുന്നത് ചോദ്യം ചെയ്യാനുള്ള ത്രാണിയും ശേഷിയും തനിക്ക് ഇല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. പിഎം ശ്രീയില്‍ നിന്നും പിന്‍മാറി എന്ന് കത്ത് നല്‍കണം എന്നതാണ് സിപിഐയുടെ ആവശ്യം. എന്നാല്‍ സബ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യം പറഞ്ഞ് അത് വൈകിപ്പിക്കുകയാണ്.

ആര്‍എസ്എസ് ഗണഗീത വിവാദത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ട്രെയിനിനുള്ളില്‍ ഗണഗീതം പാടിയതും അതിന്റെ വീഡിയോ ദക്ഷിണ മേഖല റെയില്‍വേയുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ചതും ഭരണഘടനാപരമായ മതേതരത്വങ്ങളുടെ ലംഘനമാണ്. അന്വേഷണം നടത്തി അച്ചടക്ക നടപടിയെടുക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top