ഗാന്ധിഘാതകന്‍ ഗോഡ്‌സെ, കേരളം അങ്ങനെ തന്നെ പഠിപ്പിക്കും; വിവാദം തണുപ്പിക്കാന്‍ മന്ത്രി ശിവന്‍കുട്ടിയുടെ മാസ് ഡയലോഗ്

പിഎം ശ്രീ പദ്ധതിയില്‍ സിപിഐയും പ്രതിപക്ഷവും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുമ്പോള്‍ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലെ കുട്ടികളും ഹെഡ്‌ഗേവറെയും സവര്‍ക്കറെയും പഠിക്കുമെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പ്രസ്തവനയ്ക്ക് മറുപടിയാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകള്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാന്‍ വേണ്ടിയാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സര്‍ക്കാരിന് അടിയറ വെക്കാനല്ല. കേന്ദ്ര സിലബസ് കേരളത്തില്‍ പഠിപ്പിക്കുമെന്ന് ആരും കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ടെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്‌സെ ആണെന്ന ചരിത്ര സത്യം കേരളത്തിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ആര്‍ക്കും മായ്ക്കാന്‍ കഴിയില്ല. കേരള സിലബസിന്റെ അടിസ്ഥാനത്തില്‍, ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ചുള്ള വിദ്യാഭ്യാസം തന്നെയാകും കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ തുടര്‍ന്നും നല്‍കുക. സുരേന്ദ്രന്‍ ആഗ്രഹിക്കുന്നതുപോലെ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. മന്ത്രി പറഞ്ഞു.

സംഘപരിവാര്‍ അജണ്ടകള്‍ ഒളിച്ച് കടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് സുരേന്ദ്രന്‍ ഇത്തരം ഒരു പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിലെ അപകടം മനസിലാക്കിയാണ് ശിവന്‍കുട്ടിയുടെ മാസഡയലോഗ് പറഞ്ഞുള്ള പ്രതികരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top