പിഎം ശ്രീ തർക്കം തീരുന്നു; കാര്യങ്ങൾ പിണറായി വിജയൻ വിശദീകരിക്കുമെന്ന് ഡി രാജ

പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം സംബന്ധിച്ച് നിലനിന്നിരുന്ന തർക്കത്തിന് സമവായമുണ്ടായെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. കാര്യങ്ങൾ ഇപ്പോൾ ശുഭപ്രതീക്ഷയിലേക്കാണ് നീങ്ങുന്നതെന്നും, സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുമെന്നും, വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കുമെന്നും ഡി രാജ മാധ്യമങ്ങളോട് പറഞ്ഞു.
Also Read : എകെജി സെന്ററില്‍ ചര്‍ച്ചകള്‍ സജീവം; സിപിഐ നേതാക്കളും എത്തി; മന്ത്രിസഭാ ഉപസമിതിയില്‍ ധാരണ
സിപിഎമ്മും സിപിഐയും ചർച്ച ചെയ്താണ് തീരുമാനമെടുത്തതെന്ന് ഡി രാജ വ്യക്തമാക്കി. തീരുമാനങ്ങൾ വിശദീകരിക്കുന്നതിനായി മന്ത്രിസഭാ ഉപസമിതിയുടെ അടക്കം കാര്യങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കും. ധാരണാപത്രത്തിൽ ഒപ്പിട്ട സ്ഥിതിക്ക്, അതിൽ നിന്ന് പിൻവാങ്ങുന്ന കാര്യങ്ങൾ സർക്കാർ പരിശോധിക്കുമെന്നും, കേന്ദ്ര സർക്കാരുമായി സംസ്ഥാനം ഇക്കാര്യത്തിൽ ആശയവിനിമയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിനെതിരാണ് സിപിഐയുടെ നിലപാടെന്നും, ഇപ്പോഴത്തെ ധാരണാപത്രം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായതിനാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഡി രാജ ആവർത്തിച്ചു. പിഎം ശ്രീ പദ്ധതിയെ എതിർക്കുന്നത് തുടരുമെന്ന് സിപിഐ ജനറൽ സെക്രട്ടറി വ്യക്തമാക്കി. കേന്ദ്രം പദ്ധതിയിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചാൽ, അപ്പോൾ അക്കാര്യം ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐയുടെ ആശങ്കകൾ സംസ്ഥാന സർക്കാർ പരിഗണിച്ചതായും, സിപിഐയ്ക്കും സിപിഎമ്മിനും ഈ കാര്യത്തിൽ ഒരേ കാഴ്ചപ്പാടാണുള്ളതെന്നും ഡി രാജ സൂചിപ്പിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here