പിഎംഎ സലാമിനെ തള്ളി പാണക്കാട് തങ്ങൾ; നിലപാട് വ്യക്തമാക്കി ലീഗ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം നടത്തിയ അധിക്ഷേപകരമായ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. രാഷ്ട്രീയ വിമർശനങ്ങൾ ആകാം, എന്നാൽ വ്യക്തി അധിക്ഷേപങ്ങൾ ഒരു കാരണവശാലും പാടില്ല എന്ന് തങ്ങൾ വ്യക്തമാക്കി.
വിവാദ പരാമർശത്തിൽ പിഎംഎ സലാമിനെ തള്ളുന്നതായിരുന്നു പാണക്കാട് തങ്ങളുടെ പ്രതികരണം. ‘വ്യക്തി അധിക്ഷേപം നല്ല കാര്യമല്ല. ഇത്തരം കാര്യങ്ങളിൽ എല്ലാവരും സൂക്ഷിക്കണം’ എന്നും തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിൽ സംസാരിക്കവെയാണ് പിഎംഎ സലാം മുഖ്യമന്ത്രി പിണറായി വിജയനെതിരെ മോശം പരാമർശം നടത്തിയത്. പിന്നാലെ സിപിഎം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും, പരാമർശം പിൻവലിച്ച് സലാം മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Also Read : പാണക്കാട് തങ്ങളെ വിമർശിച്ച പിണറായിക്ക് സുരേന്ദ്രൻ്റെ പിന്തുണ; കോൺഗ്രസിന് രൂക്ഷ വിമർശനം
സലാമിൻ്റെ പരാമർശം വലിയ രാഷ്ട്രീയ വിവാദമായ സാഹചര്യത്തിൽ, ലീഗിൻ്റെ സാംസ്കാരിക നിലപാടിന് വിരുദ്ധമായ ഇത്തരം പ്രസ്താവനകളെ അംഗീകരിക്കാനാകില്ലെന്ന സന്ദേശമാണ് പാണക്കാട് കുടുംബം നൽകിയിരിക്കുന്നത്. പാണക്കാട് തങ്ങളുടെ പ്രസ്താവനയോടെ, വ്യക്തിപരമായ അധിക്ഷേപങ്ങൾ ലീഗിൻ്റെ ഔദ്യോഗിക നിലപാടല്ല എന്ന് വ്യക്തമാവുകയും, വിവാദത്തിൽ നിന്നും മുസ്ലിം ലീഗ് ഔദ്യോഗികമായി അകലം പാലിക്കുകയും ചെയ്തിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here