പോലീസിനെതിരായ സിപിഎം സമ്മേളനങ്ങളിലെ വിമര്‍ശനങ്ങള്‍ വെട്ടിനിരത്തി; ഇപ്പോള്‍ നാണംകെട്ട് നില്‍ക്കുന്നു; പിണറായി തന്നെ മറുപടി പറയേണ്ടി വരും

പോലീസ് ക്രൂരതകളുടെ വാര്‍ത്തകള്‍ നിരന്തരം വരുമ്പോള്‍ മിണ്ടാതിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂത്ത് കോണ്‍ഗ്രസ് നേതാവിന് നേരെ ഉണ്ടായ ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സംസ്ഥാന വ്യാപകമായി ഇത്തരം കൈയ്യേറ്റങ്ങളുടേയും പോലീസിന്റെ ഉരുക്കുമുഷ്ടിയുടേയും വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. തുറന്ന് പറയുന്നവരില്‍ സിപിഎം നേതാക്കളുമുണ്ട് എന്നതാണ് പ്രത്യേകത. സിപിഎമ്മില്‍ ഇത് പതിവുളള കാര്യമല്ല. എന്നാല്‍ സിപിഎം നേതാക്കള്‍ പോലും പോലീസ് സ്‌റ്റേഷനുകളില്‍ അപമാനിക്കപ്പെടുന്നുണ്ട് എന്നതിന്റെ സൂചനയാണ് ഈ പതിവില്ലാത്ത തുറന്ന് പറച്ചില്‍.
ആഭ്യന്തര വകുപ്പിനും പോലീസിനും എതിരെ സിപിഎമ്മിനുള്ളില്‍ വിമര്‍ശനം ഉയരുന്നത് ആദ്യമല്ല. സമ്മേളനക്കാലത്ത് ഇത്തരം വിമര്‍ശനങ്ങള്‍ ഏറെ ഉയര്‍ന്നിരുന്നു. ആദ്യം നടന്ന ജില്ലാ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തിരുന്നില്ല. ഈ സമ്മേളനങ്ങളില്‍ എല്ലാം പോലീസിനും ആഭ്യന്തര വകുപ്പിനും എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ജില്ലാ സമ്മേളനങ്ങളില്‍ മുഴുവന്‍ സമയവും പങ്കെടുക്കാൻ തുടങ്ങിയതോടെ ഈ വിമര്‍ശനങ്ങളുടെ ശക്തി കുറഞ്ഞു. അപ്പോഴും സിപിഎമ്മുകാര്‍ക്കു പോലും സ്‌റ്റേഷനില്‍ കയറാന്‍ കഴിയുന്നില്ലെന്ന് പല പ്രതിനിധികളും പറയാതെ പറഞ്ഞു.
ഉയരാന്‍ സാധ്യതയുണ്ടായിരുന്ന വിമര്‍ശനങ്ങള്‍ അന്ന് വെട്ടിനിരത്തിയിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ അവസരം ലഭിച്ചപ്പോള്‍ പുറത്തേക്ക് വരുന്നത്. കൊല്ലം നെടുമ്പന നോര്‍ത്ത് സിപിഎം ലോക്കല്‍ സെക്രട്ടറി സജീവിന്റെ തുറന്ന് പറച്ചിലില്‍ അനുഭവിച്ച അപമാനത്തിന്റെ വൈകാരികത മുഴുവനുണ്ട്. ഒരുകേസിന്റെ മധ്യസ്ഥതയുമായി ബന്ധപ്പെട്ട് എത്തിയപ്പോള്‍ എസ്എച്ച്ഒ കഴുത്തില്‍ കുത്തിപ്പിടിച്ചു എന്നാണ് സജീവ് എഴുതിയത്. ആഭ്യന്തരം ഭരിക്കുന്ന സിപിഎമ്മിന്റ് ഒരു പ്രധാന നേതാവിന് ഇതാണ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന അനുഭവം എങ്കില്‍ പ്രതിപക്ഷത്തിരിക്കുന്നവരുടേയും സാധാരണക്കാരുടേയും അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. പാര്‍ട്ടി ഇടപെട്ട് ഈ വിഷയത്തില്‍ ഇനി സംസാരിക്കരുത് എന്ന് തിട്ടൂരമിറക്കിയിരിക്കുകയാണ്.
2012ല്‍ കോന്നി സിഐ ആയിരുന്ന മധു ബാബു തന്നെ ലോക്കപ്പ് മര്‍ദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കിയെന്ന ആരോപണം ഉന്നയിച്ചത് എസ്എഫ്ഐയുടെ പത്തനംതിട്ട ജില്ല മുന്‍ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോടാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന സംഭവത്തില്‍ മധു ബാബുവിന് എതിരെ നടപടി എടുക്കണമെന്ന് കാട്ടി 2016ല്‍ എസ്പിയായിരുന്ന ഹരിശങ്കര്‍ ശുപാർശ ചെയ്തിരുന്നു. ഒന്‍പത് വര്‍ഷമായി ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. മധു ബാബു ഇപ്പോള്‍ ആലപ്പുഴ് ഡിവൈഎസ്പിയായി ക്രമസമാധാനം നിയന്ത്രിക്കുകയാണ്.
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ഈ സംരക്ഷണമാണ് പലപ്പോഴും എന്തും ചെയ്യാനുള്ള ലൈസന്‍സായി മാറുന്നത് എന്നാണ് ആരോപണം. പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിക്കല്‍, അനധികൃത സ്വത്ത് സമ്പാദനം ഒടുവിലായി ശബരിമല ട്രാക്ടര്‍ യാത്ര ഇങ്ങനെ ആരോപണങ്ങള്‍ നിരവധി ഉണ്ടായിട്ടും എംആര്‍ അജിത് കുമാര്‍ എന്ന ഉദ്യോഗസ്ഥനെ ചേര്‍ത്ത് പിടിച്ച് ഇരിക്കുകയാണ് മുഖ്യമന്ത്രി. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയില്‍ മറ്റെന്ത് പ്രതീക്ഷിക്കാനാണ് എന്ന ചോദ്യമാണ് ഉയരുന്നത്. യൂത്ത് കോണ്‍ഗ്രസുകാരനായ സുജിത്തിനെ തല്ലിചതച്ച ഉദ്യോഗസ്ഥരെ വര്‍ഷങ്ങളോളം സംരക്ഷിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവരികയും പൊതുസമൂഹം എതിരാവുകയും ചെയ്തതോടെയാണ് സസ്‌പെന്‍ഷന്‍ എന്ന നടപടി എടുത്തത്. ഇതുതന്നെയാണ് പിണറായി സര്‍ക്കാരിന്റെ പതിവ് ശൈലി.
പോലീസിനുമേല്‍ പിണറായി സര്‍ക്കാരിന് പിടിയില്ലെന്ന ആരോപണം പലപ്പോഴായി ഉയര്‍ന്നിട്ടുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പി ശശിയെ കൊണ്ടുവന്നത് ഇത് പരിഹരിക്കാനായിരുന്നു. ലൈംഗികാരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട് നില്‍ക്കുക ആയിരുന്ന ശശിയെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയ ശേഷമായിരുന്നു ഈ നിയമനം. എന്നാല്‍ ഈ നീക്കം ഗുണം ചെയ്‌തോ എന്ന ചോദ്യത്തിന് ഉത്തരമില്ല. സിപിഎം സഹയാത്രികനായ പിവി അന്‍വര്‍ പുറത്തേക്ക് പോകുമ്പോള്‍ ഏറ്റവും കൂടുതല്‍ ആരോപണം ഉന്നയിച്ചതും പി ശശിക്കും എംആര്‍ അജിത് കുമാറിനും എതിരേ ആയിരുന്നു.
ഇനി തിരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രമാണുള്ളത്. അതിനിടയില്‍ പോലീസിന് എതിരെ നിരന്തരമായി ഉയരുന്ന ആരോപണങ്ങള്‍ക്ക് ശക്തമായ നടപടി സ്വീകരിക്കാതെ മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ മൗനമെന്ന പതിവ് രീതി മതിയാകില്ല എന്ന ഉറപ്പാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here