പിണറായി പോലീസിനെതിരെ പറയാന്‍ ബിനോയ് വിശ്വത്തിന് ധൈര്യമുണ്ടാകുമോ; വിമര്‍ശനം പാര്‍ട്ടി പത്രത്തിലെ എഡിറ്റോറിയലില്‍ ഒതുങ്ങും

പോലീസിനെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നതായി ജനയുഗം എഡിറ്റോറിയല്‍ എഴുതിയെങ്കിലും എല്‍ഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐ കാര്യമായി പ്രതികരിക്കാതെ തല പൂഴ്ത്തി നില്‍ക്കുകയാണ്. പാര്‍ട്ടി സംസ്ഥാന സമ്മേളനം നാളെ ആലപ്പുഴയില്‍ ആരംഭിക്കാനിരിക്കെ ജനങ്ങളെ തല്ലിചതക്കുന്ന പോലീസിനെക്കുറിച്ച് കടുത്ത വിമര്‍ശനങ്ങള്‍ ഉയരുമെന്നുറപ്പാണ്. ഇതിന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്ത് മറുപടി പറയും എന്നതിലാണ് ആകാംക്ഷ.
തുടരെത്തുടരെ പോലീസിനെതിരെ വരുന്ന പരാതികള്‍ ഇടതുപക്ഷ നൈതികതയ്ക്കും സംസ്‌കാരത്തിനും നിരക്കുന്നതല്ലെന്ന രൂക്ഷ വിമര്‍ശനമാണ് ആഭ്യന്തര വകുപ്പിനെതിനെതിരെ സിപിഐ മുഖപത്രം ഉന്നയിച്ചത്. പോലീസിനെതിരെ ഉയര്‍ന്നിരിക്കുന്ന പരാതികളെല്ലാം തന്നെ ജനപക്ഷനയങ്ങളുമായി മുന്നേറുന്ന ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് സംഭവിക്കുന്നതെന്നത് ഗൗരവമര്‍ഹിക്കുന്നു എന്നും ജനയുഗം കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി പത്രത്തിലെ കടുത്ത വിമര്‍ശനം പ്രതിനിധികള്‍ ഏറ്റെടുക്കും എന്ന് ഉറപ്പാണ്. ജില്ലാ സമ്മേളനകാലത്ത് ആഭ്യന്തര വകുപ്പിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പോലീസ് സ്റ്റേഷനുകളില്‍ നിന്ന് സിപിഐക്കാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന പരാതികളുടെ ഘോഷയാത്രയായിരുന്നു.
പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം സിപിഎമ്മിന്റെ വിരട്ടലുകള്‍ക്ക് മുന്നില്‍ മിക്കപ്പോഴും കീഴടങ്ങുന്ന പ്രകൃതക്കാരനാണെന്ന ആക്ഷേപം ജില്ലാ സമ്മേളനങ്ങളില്‍ ഉയര്‍ന്നിരുന്നു. പോലീസിനെതിരെ പീഡന പരമ്പരകളുടെ കെട്ടഴിഞ്ഞു വീണിട്ടും ബിനോയ് വിശ്വം വിമര്‍ശനം ഒന്നും ഉന്നയിച്ചിട്ടില്ല. ഒരു മുഖപ്രസംഗമെഴുതി കൈ കഴുകി മാറി നിന്നാല്‍ പ്രശ്‌ന പരിഹാരമാവില്ലെന്നാണ് മധ്യനിര നേതാക്കളുടെ നിലപാട്.
നക്‌സല്‍ നേതാവ് വര്‍ഗീസിനെ വെടിവെച്ചു കൊന്നതിന്റേയും അടിയന്തരാവസ്ഥക്കാലത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പി രാജനെ പോലീസ് ക്യാമ്പിലിട്ട് ഉരുട്ടി കൊന്നതിന്റെയും പേരില്‍ ഇപ്പോഴും സിപിഎം നേതാക്കള്‍ മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന സി അച്യുതമേനോനെ കുറ്റപ്പെടുത്താറുണ്ട്. പിണറായി ഭരണകാലത്ത് ഏഴ് മാവോയിസ്റ്റ്കളെ വെടിവെച്ചു കൊല്ലുകയും നാടാകെ പോലീസ് അതിക്രമത്തിന്റെ ചങ്ക് തകര്‍ക്കുന്ന വാര്‍ത്തകള്‍ വന്നിട്ടും സിപിഐ മിണ്ടാവൃതത്തിലാണ്. ദേശീയ കൗണ്‍സില്‍ അംഗമായ ആനിരാജ പോലീസിനുള്ളില്‍ ആര്‍എസ്എസ് വല്‍ക്കരണം വ്യാപകമാണെന്ന ആരോപണം ഉന്നയിച്ചപ്പോള്‍ അവരെ താക്കീത് ചെയ്യുകയും സംസ്ഥാന കാര്യങ്ങളില്‍ ഇടപെടരുതെന്ന് വിലക്കുകയും സിപിഐ ചെയ്തിരുന്നു. സേനയ്ക്കുള്ളില്‍ ആര്‍എസ്എസ് വല്‍ക്കരണം വ്യാപകമാണെന്ന് പിന്നീട് പാര്‍ട്ടി പത്രത്തിന് സമ്മതിക്കേണ്ടി വന്നു.
ALSO READ : ‘രാജനെ കൊന്നവരെ സംരക്ഷിച്ച ആളാണ് കരുണാകരൻ’; പോലീസ് അതിക്രമങ്ങളെ പ്രതിരോധിച്ച് സിപിഎം
നിലപാടുകളിലെ ചാഞ്ചാട്ടം കൊണ്ട് ഏറെ പഴി കേള്‍ക്കേണ്ടി വന്ന നേതാവാണ് ബിനോയ് വിശ്വം. സിപിഐയുടെ നിലപാട് വിട്ടുവീഴ്ചയില്ലാതെ പറയാനുള്ള ആര്‍ജ്ജവം തനിക്കുണ്ടെന്ന് ബിനോയ് വിശ്വം പറയുന്നുണ്ടെങ്കിലും അതൊക്കെ അപ്പച്ചന്റെ തമാശയായിട്ടാണ് അണികള്‍ കരുതുന്നത്. എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ പൂരം കലക്കല്‍ വിഷയത്തിലും ആര്‍എസഎസ് നേതാക്കളെ കണ്ടതിലുമൊക്കെ അഴകൊഴമ്പന്‍ പ്രസ്താവന ഇറക്കിയതല്ലാതെ കൃത്യമായ നിലപാട് പറയാന്‍ സംസ്ഥാന സെക്രട്ടറിക്ക് കഴിഞ്ഞില്ല. അടുത്ത ഒരു ടേം കൂടി ബിനോയ് വിശ്വം ആ സ്ഥാനത്ത് തുടരാനാണ് സാധ്യത.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here