‘സിസ്റ്റം’ പൂഴ്ത്തുന്ന വിവരം പുറത്തെടുക്കണോ, വഴികാട്ടി സസ്പെഷനിലുള്ള ഉദ്യോഗസ്ഥൻ്റെ പുസ്തകം!! സിസ്റ്റത്തിൽ വീണ്ടും ആണിയടിച്ച് ‘കളക്ടര്‍ ബ്രോ’

തിരഞ്ഞെടുപ്പിനും അതുവഴി മൂന്നാംടേം ഭരണത്തിനും തയ്യാറെടുക്കുന്ന പിണറായി സർക്കാരിന് ഉച്ചിയിലേറ്റ അടിയാണ് കുന്നംകുളത്തെ പൊലീസ് അതിക്രമം. അതിൻ്റെ ക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നതാകട്ടെ വിവരാവകാശ നിയമംവഴിയും. ആർടി ആക്ട് വഴി ഇത്തരം വിവരങ്ങൾ പുറത്തെടുക്കാം എന്നത് പൊതുജനത്തിന് പുതിയ അറിവാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ശ്രമങ്ങൾ ഇനിയേറെ ഉണ്ടാകുമെന്ന് ഉറപ്പാണ്.
ഇതേ സാഹചര്യത്തിലാണ് വിവരാവകാശ നിയമത്തിൽ പൊതുജനത്തെ ബോധവൽക്കരിക്കാൻ സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ പുസ്തകം ഇറക്കുന്നത്. ‘സിസ്റ്റം ഔട്ട് കംപ്ലീറ്റ്’ എന്ന പേരിൽ മനോരമ പ്രസിദ്ധീകരിക്കുന്ന പുസ്തകം എഴുതിയിരിക്കുന്നത് എൻ.പ്രശാന്ത് ആണ്. മേലുദ്യോഗസ്ഥർക്കെതിരെ പരസ്യപ്രതികരണം നടത്തിയതിൻ്റെ പേരിൽ മാസങ്ങളായി സർവീസിന് പുറത്താണ് പ്രശാന്ത്.
ആദ്യ പിണറായി സർക്കാരിനെ പിടിച്ചുലച്ച ആഴക്കടൽ മത്സ്യബന്ധന കരാറിൻ്റെ കാലത്ത് സുപ്രധാന ചുമതലയിൽ ഉണ്ടായിരുന്ന പ്രശാന്ത് അന്നേ കണ്ണിൽ കരടായി. മന്ത്രിയായിരുന്ന മേഴ്സിക്കുട്ടിയമ്മയുടെ തിരഞ്ഞെടുപ്പ് തോൽവിക്ക് വരെ കാരണമായ വിവാദത്തിൽ പലരും പരസ്യവിമർശനം വരെ ഉന്നയിച്ചെങ്കിലും നിലപാടിൽ നിന്ന് പിന്നോട്ടുപോയില്ല പ്രശാന്ത്. അന്നൊഴിവായ സസ്പെൻഷൻ പക്ഷെ മറ്റൊരു രൂപത്തിൽ രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് പ്രശാന്തിനെ തേടിയെത്തി.
ആര്‍ടിഐ നിയമത്തെ എങ്ങനെ ഉപയോഗിക്കാം, എങ്ങനെ വീട്ടിലിരുന്നു വിവരാവകാശ ആക്റ്റിവിസ്റ്റാകാം, ഉഡായിപ്പ് മറുപടി തന്നാല്‍ എന്ത് ചെയ്യണം എന്നിങ്ങനെ നിയമത്തിലെ എല്ലാ വശങ്ങളും വിശദമാക്കുന്നതാണ് പുസ്തകം, എന്നാണ് എൻ.പ്രശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നത്. സർക്കരിനുള്ള ഒളിയമ്പുകളാണ് പോസ്റ്റിൽ നിറയെ.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഉണരൂ രതീഷ്!
ഈ സിസ്റ്റം ആടിയുലയുകയില്ല സര്‍. ഇതിനൊരു സുപ്രീം പവറുണ്ട്. ആ പവര്‍ അധികാരപ്രഭുക്കളുടെ കയ്യിലല്ല… ഞാനും നിങ്ങളും ഉള്‍പ്പെടെയുള്ള ‘ബഹുമാനപ്പെട്ട’ സാധാരണക്കാരുടെ കയ്യിലാണ്. അതുറപ്പ് വരുത്തുന്ന സിമ്പിള്‍ നിയമത്തിന്റെ പേരാണ് വിവരാവകാശം അഥവാ RTI.
ഈ പുസ്തകം നിങ്ങള്‍ക്കുള്ള ഒരു ഉപകരണമാണ്. ആയുധമാണ്. ഗവണ്മെന്റ് സംവിധാനത്തിനുള്ളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെങ്ങനെയെന്നും എങ്ങനെ ശരിയായ ചോദ്യം ചോദിച്ച് സംവിധാനത്തിന്റെ മൗനത്തെ തകര്‍ക്കാമെന്നും പഠിക്കാം. ഭയരഹിതമായി, തന്ത്രപരമായി, നിയമപരമായി, എങ്ങനെ RTI ഉപയോയോഗിക്കാമെന്നും വിവിധ ഡിപ്പാര്‍ട്‌മെന്റുകളിലെ തീരുമാനങ്ങളുടെ അടിസ്ഥാനം എങ്ങനെ ചോദ്യങ്ങളിലൂടെ മനസ്സിലാക്കാകമെന്നും e-RTI പോര്‍ട്ടലിന്റെ ശരിയായ ഉപയോഗത്തിലൂടെ എങ്ങനെ വീട്ടിലിരുന്നു വിവരാവകാശ ആക്റ്റിവിസ്റ്റാകാമെന്നും ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കും. ഈ സിസ്റ്റത്തെ സിസ്റ്റമാറ്റിക്കായി മെരുക്കാന്‍ പഠിപ്പിക്കും. പലര്‍ക്കും കൃത്യമായ ചോദ്യങ്ങള്‍ ഫ്രേം ചെയ്യാനറിയില്ല, ഉഡായിപ്പ് മറുപടി തന്നാല്‍ എന്ത് ചെയ്യണമെന്നറിയില്ല. ഓവര്‍ സ്മാര്‍ട്ട് കളിക്കുന്ന ജോര്‍ജ്ജ് സാറന്മാരെ സിസ്റ്റമാറ്റിക്കായി, ക്ഷമയോടെ പൂട്ടുന്നതെങ്ങനെ എന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. RTI മാത്രമല്ല, അനുബന്ധ നിയമങ്ങളും ഇതില്‍ പറയുന്നുണ്ട്.
കേരളമെന്നത് ജനാധിപത്യത്തിന്റെ മടിത്തട്ടില്‍ ഉറങ്ങുന്ന പുലിക്കുട്ടിയാണ്. ഉണരേണ്ട സമയം അതിക്രമിച്ചതറിയാതുറങ്ങുന്ന ഭീമാകരനാണവന്‍. ഈ കളി കളിക്കാന്‍ പത്ത് രുപയും എഴുത്തും വായനയും മതി.
ബാ, എണീക്കാന്‍ ടൈം ആയി! പ്രീ ബുക്കിംഗ് ആരംഭിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here