അന്ന് ആറ്റിങ്ങലിലെ എട്ടു വയസുകാരി ഇന്ന് ബിന്ദു; നിറം കറുപ്പായാല്‍, ദളിതനായാല്‍ നെറികേടിന് ആവേശം കൊള്ളുന്ന പിണറായി പോലീസ്

ദളിത് യുവതി ആര്‍ ബിന്ദു മോഷണക്കുറ്റം ആരോപിക്കപ്പെട്ട് പേരുര്‍ക്കട പോലീസ് സ്റ്റേഷനില്‍ അപമാനിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ടതായി ചിത്രീകരിക്കാന്‍ സര്‍ക്കാരും പോലീസ് സംഘടനകളും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പോലും തനിക്ക് അപമാനം നേരിട്ടുവെന്ന് ബിന്ദു തുറന്ന് പറഞ്ഞതി നെപ്പോലും ന്യായീകരണക്കാര്‍ തെറ്റായി വ്യാഖ്യാനിച്ചു തുടങ്ങിയിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് രണ്ട് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എട്ട് വയസുകാരി ദലിത് പെണ്‍കുട്ടിക്കും സമാനമായ അപമാനം പോലീസില്‍ നിന്ന് നേരിടേണ്ടി വന്ന സംഭവം മറക്കാറായിട്ടില്ല.
2021 ഓഗസ്റ്റ് 27 വെള്ളിയാഴ്ച വൈകുന്നേരം തോന്നയ്ക്കല്‍ സ്വദേശിയായ ജയചന്ദ്രനെയും എട്ടു വയസുകാരി മകളെയും മൊബൈല്‍ മോഷ്ടാക്കളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചത് സിപി രജിത എന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയായിരുന്നു. ഇവര്‍ തന്റെ മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് ഓഫീസറായ രജിത ഇരുവരെയും നടുറോഡില്‍ പരസ്യമായി വിചാരണ ചെയ്ത സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. കള്ളി എന്ന വിളി കേട്ട് പൊട്ടിക്കരയുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ മനസാക്ഷിയുള്ളവരെ ഏറെ സങ്കടപ്പെടുത്തിയ സംഭവമായിരുന്നു.
ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ തുമ്പ ഐഎസ്ആര്‍ഒയിലേക്കു ചേംബറുകളുമായി പോകുന്ന ട്രെയിലറുകള്‍ കാണാനാണ് ജയചന്ദ്രനും മകളും ആറ്റിങ്ങല്‍ മൂന്നുമുക്കിലെത്തിയത്. പിങ്ക് പോലീസിന്റെ കാര്‍ നിര്‍ത്തിയിരുന്നതിന് അല്പമകലെയായി സ്‌കൂട്ടര്‍ നിര്‍ത്തി മകള്‍ക്ക് കടയില്‍നിന്നു വെള്ളം വാങ്ങി കൊടുക്കുമ്പോള്‍ കാറിനടുത്തെത്തിയ പോലീസുകാരി ജയചന്ദ്രനോട് ഫോണ്‍ ആവശ്യപ്പെടുകയായിരുന്നു. സ്വന്തം ഫോണ്‍ നീട്ടിയപ്പോള്‍ കാറില്‍നിന്ന് ഫോണെടുത്ത് ജയചന്ദ്രന്‍ മകളെ ഏല്‍പ്പിക്കുന്നതു കണ്ടുവെന്നും അത് നല്‍കണമെന്നും ആവശ്യപ്പെട്ടു അവര്‍ ബഹളം കൂട്ടി. ഭീഷണിപ്പെടുത്തി കൊണ്ട് ചോദ്യംചെയ്യലായി, വിരട്ടലായി. അതോടെ ആളുകള്‍ തടിച്ചു കൂടി. അച്ഛനും മകളും ജനക്കൂട്ടത്തിന് മുന്നില്‍ നാണംകെട്ടു, അപമാനിക്കപ്പെട്ടു.
ഫോണെടുത്തിട്ടില്ലെന്ന് ആണയിട്ടു പറഞ്ഞിട്ടും പോലീസുകാരി കേട്ടില്ലെന്ന് പിതാവ് ജനകൂട്ടത്തിനോട് കേണു റഞ്ഞു. അച്ഛനെയും മകളെയും ദേഹപരിശോധനയ്ക്ക് സ്റ്റേഷനില്‍ കൊണ്ടുപോകണമെന്നായി. ഇതോടെ പേടിച്ച് കുട്ടി കരയാന്‍ തുടങ്ങിയിട്ടും പോലീസുകാരി ഉറഞ്ഞു തുള്ളി. മോഷ്ടിക്കപ്പെട്ടുവെന്നു പറഞ്ഞ ഫോണിലേക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിതാ പോലീസ് ഉദ്യോഗസ്ഥ വിളിച്ചു. ബെല്‍ കേട്ട് നടത്തിയ തിരച്ചിലില്‍ കാറിന്റെ സീറ്റുകവറിനുള്ളില്‍ നിന്ന് ഫോണ്‍ കണ്ടെടുത്തു. ഫോണ്‍ വിളിച്ച പോലീസുകാരി കുട്ടിയെ ആശ്വസിപ്പിച്ചെങ്കിലും രജിത ആക്ഷേപം തുടര്‍ന്നുവെന്ന് പിതാവ് അന്ന് കരച്ചിലോടെ പറഞ്ഞത് ഇപ്പോഴും മലയാളികള്‍ മറന്നിട്ടില്ല.
എട്ടു വയസുകാരിയായ കുഞ്ഞിനെ പൊതുമധ്യത്തില്‍ അപമാനിച്ച പിങ്ക് പോലീസുകാരിയെ ആറ്റിങ്ങലില്‍ നിന്ന് റൂറല്‍ എസ്പിയുടെ ഓഫീസിലേക്ക് സ്ഥലം മാറ്റിയാണ് ആഭ്യന്തര വകുപ്പ് അന്ന് മാതൃക കാണിച്ചത്. പോലീസിന്റെ തെറ്റായ നടപടിക്കെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെണ്‍കുട്ടിയും അച്ഛനും ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തില്‍ ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പിങ്ക് പോലീസിന്റെ നടപടി കാക്കിയുടെ അഹങ്കാരമാണ്. ഉദ്യോഗസ്ഥയുടെ നടപടി നീതീകരിക്കാനാവില്ല. മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പോലീസുകാരിയുടെ ചുമതലയാണ്. എന്തിനാണ് കുട്ടിയെ ചോദ്യം ചെയ്തത്’, എന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചത്.
അച്ഛനും മകളും ഏറ്റ അപമാനത്തിന്നും നാണക്കേടിനും നഷ്ടപരിഹാരമായി സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ നല്‍കാന്‍ ഹൈക്കോടതി 2021 ഡിസംബറില്‍ ഉത്തരവിട്ടു. സി പി രജിത 25000 രുപ നേരിട്ട് നല്‍കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കുട്ടിക്കുണ്ടായ അപമാനത്തില്‍ അവള്‍ക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കാത്തതില്‍ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പോലീസുകാരിക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും ഉത്തരവിലുണ്ടായിരുന്നു.
എട്ടു വയസുകാരിക്കുണ്ടായ സംഭവത്തില്‍ പൊതുസമൂഹവും മാധ്യമങ്ങളും കോടതിയും കൂട്ടായി ശബ്ദമുയര്‍ത്തിട്ടും പോലീസ് യാതൊരു പാഠവും പഠിച്ചില്ലെന്നാണ് ബിന്ദുവിനുണ്ടായ അപമാനവും പീഡനവും തെളിയിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here