പൊലീസിന്റെ കള്ളക്കഥ പൊളിഞ്ഞു; ദളിത് യുവതിയെ കുടുക്കിയത് തന്നെ

ജോലിക്കു നിന്ന വീട്ടിലെ മാല മോഷ്ടിച്ചെന്ന പരാതിയിൽ ബിന്ദു എന്ന ദളിത് യുവതി പേരൂർക്കട സ്റ്റേഷനിൽ 20 മണിക്കൂറോളം മാനസികപീഡനത്തിനിരയായ വിഷയത്തിൽ പൊലീസ് കുറ്റക്കാർ. പൊലീസിന്റെ ക്രൂരകൃത്യങ്ങളുടെ വാർത്തകൾ പുറത്തുവരുന്നതിനിടയിലാണ് മാല മോഷണക്കേസിലെ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവരുന്നത്. ബിന്ദു ജോലി ചെയ്ത വീട്ടിൽ നിന്നും മാല മോഷണം പോയിട്ടില്ലെന്നും ബിന്ദുവിനെ മനപ്പൂർവം കുടുക്കാൻ വേണ്ടി പൊലീസ് കഥ ചമച്ചതാണെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്താൻ.
മാല കാണാനില്ലെന്ന് പരാതി ലഭിച്ചപ്പോൾ തന്നെ വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ പൊലീസ് കുറ്റക്കാരിയാണെന്ന് ഉറപ്പിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു. പരാതിക്കാരിയുടെ വീട് പരിശോധിക്കാൻ പോലും പൊലീസ് കുട്ടാക്കിയില്ല. വീട്ടിൽ അറിയിക്കാതെ ബിന്ദുവിനെ രാത്രി മുഴുവൻ പൊലീസ് സ്റ്റേഷനിൽ ഇരുത്തി പൊലീസ് തകൃതിയായി ചോദ്യം ചെയ്തു. സ്ത്രീകളെ രാത്രിയിൽ കസ്‌റ്റഡിയിൽ വയ്ക്കരുതെന്ന ചട്ടം പൊലീസ് ലംഘിച്ചു.
Also Read : 31 പൊലീസ് ഓഫീസർമാർ സേനയിലേക്ക്; ഫെയ്സ്ബുക്കിൽ പ്രതിഷേധമറിയിച്ച് പൊതുജനം; പോസ്റ്റിനടിയിൽ കലക്കൻ കമന്റുകള്‍
ആത്മാഭിമാനത്തിന് ക്ഷതമേൽക്കുന്ന രീതിയിലാണ് പൊലീസ് ഉദ്യോഗസ്ഥർ ബിന്ദുവിനോട് പെരുമാറിയത്. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ ശുചിമുറിയിലെ ബക്കറ്റിൽനിന്ന് എടുത്തു കുടിക്കാനാണ് പ്രസന്നൻ എന്ന പൊലീസുകാരൻ പറഞ്ഞത്. കൃത്യമായ തെളിവില്ലാതെ രാത്രി പൊലീസ് ബിന്ദുവിന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. തന്റെ മക്കളുടെയും നാട്ടുകാരുടെയും മുൻപിൽ ബിന്ദു നിസ്സഹായതയോടെ നിന്നു. തൊണ്ടി ലഭിക്കാതെ വന്നതോടെ പൊലീസ് വീണ്ടും ബിന്ദുവിനെയും കൊണ്ട് സ്റ്റേഷനിലേക്കെത്തി. നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ടുള്ള ചോദ്യം ചെയ്യൽ തുടർന്നു. അത് പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിവരെ തുടർന്നു. അപ്പോഴേക്കും മാല കിട്ടിയതായി പരാതിക്കാരി ഓമന ഡാനിയൽ പൊലീസിനെ അറിയിക്കുകയായിരുന്നു.
ബിന്ദുവിനെ അനധികൃതമായി കസ്റ്റഡിയിൽ എടുത്ത പൊലീസ് നടപടി അപ്പോഴേക്കും വിവാദമായിരുന്നു. അതോടെ പൊലീസ് സംഭവത്തിന് മറ്റൊരു ഭാഷ്യം നൽകി. നഷ്ട്ടപ്പെട്ട സ്വർണമാല ചവറുകൂനയിൽ നിന്ന് കണ്ടെത്തപ്പെട്ടു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലൂടെ പൊലീസ് നിരപരാധിയായ ഒരു സ്ത്രീയെ അനധികൃതമായി തടവിൽ വയ്ക്കുകയായിരുന്നു എന്നും മാല ചവറുകൂനയിൽ നിന്നും കണ്ടെത്തിയെന്ന കള്ളക്കഥ മെനഞ്ഞു എന്നും തെളിഞ്ഞിരിക്കുകയാണ്. സത്യം തെളിഞ്ഞിട്ടും നിരപരാധിയായ താൻ കള്ളിയാണെന്ന് ചിത്രീകരിക്കപ്പെട്ടല്ലോ എന്ന വേദനയിലാണ് ബിന്ദു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here